യാത്രക്കാരുടെ അടിയന്തര ചികിത്സക്ക്​ വൈറ്റില മൊബിലിറ്റി ഹബില്‍ 'വഴികാട്ടി'

കാക്കനാട്: യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സസൗകര്യമൊരുക്കുന്ന 'വഴികാട്ടി' വൈറ്റില മൊബിലിറ്റി ഹബില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ആരോഗ്യദൗത്യത്തി​െൻറ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. മാത്യൂസ് നുമ്പേലിയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ക്ക് ഫസ്റ്റ് എയിഡ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. സ്റ്റാഫ് നഴ്‌സി​െൻറ നേതൃത്വത്തിലാകും കേന്ദ്രത്തി​െൻറ പ്രവര്‍ത്തനങ്ങള്‍. കൂടുതല്‍ ചികിത്സക്ക് ഇവിടെനിന്ന് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. കഴിഞ്ഞ ഫെബ്രുവരില്‍ ആരംഭിച്ച 'അതിഥി ദേവോ ഭവ' എന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സ്‌ക്രീനിങ് ക്യാമ്പിന് ഹെല്‍ത്ത് ക്യൂബ് എന്ന നൂതന പരിശോധന ഉപകരണം കൈമാറല്‍ ചടങ്ങും യോഗത്തില്‍ നടന്നു. മൊബൈല്‍ സേവനദാതാക്കളായ ഐഡിയയാണ് അഞ്ച് ഹെല്‍ത്ത് ക്യൂബുകള്‍ എൻ.എച്ച്.എമ്മിന് നല്‍കുന്നത്. ഐഡിയ കേരള ചീഫ് ഓപറേറ്റിങ് ഓഫിസര്‍ വിനു വര്‍ഗീസി​െൻറ കൈയില്‍നിന്ന് കലക്ടർ ഹെല്‍ത്ത് ക്യൂബ് ഏറ്റുവാങ്ങി. ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ജില്ലയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. ടി.ബി ഫ്രീ എറണാകുളം, നല്ല ശീലങ്ങള്‍, നല്ല ഭാവിക്കായി എന്നീ പുതിയ കാമ്പയിനുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും. 'മാലിന്യമകറ്റാം രോഗങ്ങളും' പ്രചാരണ പരിപാടിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും ഹരിത മാര്‍ഗരേഖ നടപ്പാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളിലൂടെ ഓരോ വീടും പരിസരവും മാലിന്യമുക്തമാക്കുകയാകണം പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിഡിയോ കാള്‍ പ്രോഗ്രാം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതി​െൻറ ട്രയൽ നടക്കുകയാണ്. രോഗിയുടെ വീട്ടിലെത്തി പരിശോധന നടത്തുന്ന നഴ്‌സ് വിഡിയോ കാള്‍ സംവിധാനം വഴി ആശുപത്രിയിലെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്‍.കെ. കുട്ടപ്പന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. വിദ്യ, ജെ.എ.എം.ഒ ഡോ. വി. ജിതേഷ്, എൻ.എച്ച്.എം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.