കാക്കനാട് 50 കോടിയുടെ റവന്യൂ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ്

കാക്കനാട്: വ്യക്തികള്‍ കൈയേറിയ കോടികള്‍ വിലമതിക്കുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ റവന്യൂ ഭൂമി ഏറ്റെടുക്കാന്‍ കാക്കനാട് വില്ലേജില്‍ നടപടി തുടങ്ങി. ആറ് ഭൂവുടമകള്‍ വര്‍ഷങ്ങളായി കൈവശപ്പെടുത്തിയ സ്ഥലം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് റവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഇൻഫോപാര്‍ക്കിന് സമീപം ഒരേക്കര്‍, സീപോര്‍ട്ട് -എയര്‍ പോര്‍ട്ട് റോഡിന് സമീപം ഒന്നേകാല്‍ ഏക്കര്‍, കാക്കനാട് അത്താണിക്ക് സമീപം 50 സ​െൻറ് എന്നിങ്ങനെയാണ് ഏറ്റെടുക്കുന്നത്. സീപോര്‍ട്ട് റോഡിന് സമീപം മൂന്ന് ഭൂവുടമകളാണ് സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തിയത്. അത്താണിയില്‍ രണ്ട് പേരും ഭൂമി കൈവശപ്പെടുത്തി. ഇൻഫോപാര്‍ക്കില്‍ ഭൂവുടമയാണ് ഒരേക്കര്‍ കൈവശപ്പെടുത്തിയത്. ആറ് ഭൂവുടമകളുടെ കൈവശം 50 കോടി വിലമതിക്കുന്ന റവന്യു പുറമ്പോക്കാണുള്ളതെന്ന് വില്ലേജ് ഓഫിസര്‍ പി.പി.ഉദയകുമാര്‍ പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് മറുപടി തൃപ്തികരമല്ലെങ്കില്‍ റവന്യൂ ഭൂമി പിടിച്ചെടുക്കാൻ നടപടി സ്വീകരിക്കും. കോടികള്‍ വിപണിമൂല്യമുള്ള സിവില്‍ സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടുന്ന കാക്കനാട് വില്ലേജ് പരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി.ഇൻഫോപാര്‍ക്ക്, സീപോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ രണ്ടേകാല്‍ ഏക്കര്‍ റവന്യൂ പുറമ്പോക്ക് വ്യക്തികളുടെ കൈവശമുണ്ടെന്ന് നേരേത്ത റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. പരാതിയുടെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റവന്യൂ പുറമ്പോക്ക് കണ്ടെത്തിയത്. സിവില്‍ സ്റ്റേഷനു സമീപവും വ്യക്തികള്‍ കൈവശപ്പെടുത്തിയത് ഉള്‍പ്പെടെ തിരിച്ചെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ മലയാള സിനിമ നടിയുടെ ഭര്‍ത്താവ് കൈവശപ്പെടുത്തിയിരുന്ന റവന്യൂ പുറമ്പോക്ക് ഉള്‍പ്പെടെ 1.39 ഏക്കര്‍ ഇതിനകം സര്‍ക്കാര്‍ അധീനതയിലാക്കി ബോര്‍ഡ് സ്ഥാപിച്ചു. ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപം കോടികള്‍ വിലമതിക്കുന്ന 44 സ​െൻറും സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജുമാസ്ജിദിന് സമീപം സ്വകാര്യ വ്യക്തി അരനൂറ്റാണ്ടിലേറെയായി കൈവശം വെച്ചിരുന്ന 46 സ​െൻറും മാസങ്ങള്‍ക്ക് മുമ്പ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കാക്കനാട് ഐ.എം.ജി ജങ്ഷനു സമീപം 12 സ​െൻറും ഇൻഫോപാര്‍ക്കിന് സമീപം ഇടച്ചിറയില്‍ 38 സ​െൻറും സര്‍ക്കാര്‍ അധീനതയിലാക്കിയിരുന്നു. വില്ലേജ് അധികൃതര്‍ രേഖാമൂലം നോട്ടീസ് നല്‍കിയിട്ടും ഭൂമി തിരിച്ചുനല്‍കാത്തവർക്കെതിരെയാണ് കര്‍ശന നടപടി തുടങ്ങിയത്. വ്യക്തികള്‍ കൈവശപ്പെടുത്തിയ റവന്യൂ ഭൂമി പിടിച്ചെടുക്കുന്നതിനോട് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അനുകൂല നിലപാട് സ്വീകരിച്ചതാണ് റവന്യൂ അധികൃതര്‍ക്ക് മുഖംനോക്കാതെ നടപടിയെടുക്കാന്‍ ധൈര്യമേകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.