കനത്ത മഴ; ജില്ലയിൽ വ്യാപക നാശനഷ്​ടം

ആലപ്പുഴ: ശക്തമായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം. മരങ്ങൾ വീണതിനെത്തുടർന്ന് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് നാശനഷ്ടം ഏറെയും. മാവേലിക്കര താലൂക്കിലാണ് നാശനഷ്ടത്തി​െൻറ തോത് ഏറ്റവും കൂടുതൽ. അമ്പലപ്പുഴയിൽ മൂന്നും കുട്ടനാട്ടിൽ രണ്ടും മാവേലിക്കരയിൽ 17ഉം ചെങ്ങന്നൂരിൽ മൂന്നും വീടുകളാണ് തകർന്നത്. വീടുകൾ തകർന്നതുമൂലം ആകെ 10 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി കണക്കാക്കുന്നത്. ഇതുകൂടാതെ അമ്പലപ്പുഴ, നീർക്കുന്നം, കാട്ടൂർ, ചെത്തി, അർത്തുങ്കൽ തീരദേശ മേഖലകളിൽ ശക്തമായ കടലേറ്റവും ചൊവ്വാഴ്ച അനുഭവപ്പെട്ടു. എന്നാൽ, ഇവിടങ്ങളിൽ മറ്റ് നാശനഷ്ടമുണ്ടായതായി റിപ്പോർട്ടില്ല. കാർഷികരംഗത്ത് വലിയ നാശനഷ്ടം വരുത്തിയാണ് കാലവർഷം ഓരോ ദിനവും കടന്നുപോകുന്നത്. ഇതുവരെ നാല് കോടിയോളം രൂപയുടെ പച്ചക്കറി-പഴവർഗ വിളകൾ നശിച്ചതായാണ് കൃഷിവകുപ്പ് നൽകുന്ന വിവരം. ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം 48 ഹെക്ടർ പ്രദേശത്ത് കൃഷി ചെയ്തിരുന്ന തെങ്ങുകൾ മൊത്തമായി നശിച്ചു. ഇതുകൂടാതെ നിരവധി വാഴകളും പച്ചക്കറിവിളകൾക്കും കാര്യമായി നാശഷ്ടം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായത് ഗതാഗതത്തെ ബാധിച്ചു. മഴ മൂലം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഓടകളിൽ വെള്ളം നിറഞ്ഞ് റോഡിലേക്ക് ഒഴുകിയത് യാത്രക്കാരെ വലക്കുന്നു. കാറ്റിൽ ലൈനിലേക്ക് മരക്കൊമ്പുകളും മറ്റും ഒടിഞ്ഞ് വീണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും പതിവായി. കാലവസ്ഥ മോശമായതിനെത്തുടർന്ന് കടലിൽ മീൻപിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹൗസ്ബോട്ട്, ശിക്കാര തുടങ്ങിയ വലുതും ചെറുതുമായ വള്ളങ്ങളിൽ കായൽ സഞ്ചാരം നടത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ച് ജില്ല പോർട്ട് ഓഫിസ് ജില്ല ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന് ജാഗ്രത നിർദേശം നൽകി. നാളെ വരെ പ്രത്യേക ജാഗ്രത: ബീച്ചിൽ ഇറങ്ങരുത് ആലപ്പുഴ: വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍ഹണകേന്ദ്രം പൊതുജനത്തിനും ജില്ല ഭരണകൂടത്തിനും നിര്‍ദേശം നല്‍കി. ഒമ്പതിന കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്താനും നിര്‍ദേശമുണ്ട്. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക, ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഒരുതാക്കോല്‍ വില്ലേജ് ഓഫിസര്‍മാരോ തഹസില്‍ദാര്‍മാരോ കൈയില്‍ കരുതുക, ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക, മഴയത്ത് ചാലുകളിലും പുഴകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാന്‍ പ്രചാരണം നടത്തുക എന്നിവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.