പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി: സി.പി.എം നിര്‍ദേശം തള്ളി സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍

കാക്കനാട്: പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതിക്ക് ഭൂവുടമയുടെ സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സി.പി.എമ്മില്‍ ഇരുവിഭാഗം തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വിവാദ പദ്ധതിക്ക് ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത്. ആറുമാസത്തിനുള്ളില്‍ റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പദ്ധതി ആരംഭിക്കാനാവുമെന്ന് നഗരസഭ അധ്യക്ഷ കെ.കെ. നീനു പറഞ്ഞു. പദ്ധതി പ്രദേശത്തേക്ക് റോഡ് നിര്‍മിക്കാൻ ഭൂവുടമയുടെ 40 സ​െൻറ് ഏറ്റെടുക്കാനുള്ള തീരുമാനമാണ് സി.പി.എമ്മില്‍ ഇരുവിഭാഗം തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയത്. കൗണ്‍സില്‍ യോഗം അജണ്ടയില്‍ പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി ഉള്‍പ്പെടുത്തരുതെന്ന് നഗരസഭ അധ്യക്ഷക്ക് സി.പി.എം കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ചേരാൻ നിശ്ചയിച്ച കൗണ്‍സില്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍, ഒരു അംഗത്തി​െൻറ ഭൂരിപക്ഷമുള്ള ഇടത് കൗണ്‍സിലില്‍ കോണ്‍ഗ്രസ് വിതമ കൗണ്‍സിലറും വൈസ് ചെയര്‍മാനുമായ സാബു ഫ്രാന്‍സിസും യു.ഡി.എഫ് കൗണ്‍സിലര്‍മാരും പദ്ധതി അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സി.പി.എം കൗണ്‍സിലർമാര്‍ വഴങ്ങുകയായിരുന്നു. പുതിയ ലാന്‍ഡ് അക്വിസിഷന്‍ ചട്ടപ്രകാരം സ്ഥലമുടമക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലമെന്ന വാദവുമായി ഒരുവിഭാഗം സി.പി.എം കൗണ്‍സിലര്‍മാരും പൊന്നുംവില നടപടിപ്രകാരം ഏറ്റെടുത്താല്‍ മതിയെന്ന വാദവുമായി മറ്റൊരുവിഭാഗവും രംഗത്തുവന്നതോടെയാണ് ടൂറിസം പദ്ധതി വിവാദക്കുരുക്കിലായത്. പദ്ധതി ഉള്‍പ്പെടുന്ന പ്രദേശത്തെ കൗണ്‍സിലറെ ലക്ഷ്യമിട്ടായിരുന്നു പാര്‍ട്ടിയില്‍ ഒരുവിഭാഗം കരുക്കള്‍ നീക്കിയത്. എന്നാല്‍, സ്ഥലം ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തിനെതിരെ ഭൂവുടമ കോടതിയെ സമീപിച്ചാല്‍ ടൂറിസം പദ്ധതി അനിശ്ചിതത്വത്തിലാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. നഗരസഭയുടെ 'നവകേരള നക്ഷത്ര'പദ്ധതികളിലൊന്നായി തെരഞ്ഞെടുത്ത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യഗഡുവായി ഒരു കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഈ തര്‍ക്കം പരിഹരിച്ചശേഷം പദ്ധതിയുമായി മുന്നോട്ടു പോകാമെന്നാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്. ആറാം വാര്‍ഡിലെ നവോദയ ജങ്ഷന് സമീപം കടമ്പ്രയാറിനോട് ചേര്‍ന്ന റവന്യൂ പുറമ്പോക്കിലെ 8.93 ഏക്കര്‍ ചതുപ്പ് സ്ഥലമാണ് ടൂറിസം പദ്ധതിക്ക് കണ്ടെത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.