മണ്ണഞ്ചേരി: സാഹോദര്യത്തിെൻറ സന്ദേശം വിളംബരം ചെയ്ത് ശ്രീനാരായണീയർ നോമ്പ് തുറപ്പിക്കാൻ എത്തിയത് മതമൈത്രിയുടെ ഉത്തമ ഉദാഹരണമായി. എസ്.എൻ.ഡി.പി 600-ാം നമ്പർ ശാഖ കമ്മിറ്റി നേതൃത്വത്തിലാണ് പൊന്നാട് മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ വിശ്വാസികളെ നോമ്പ് തുറപ്പിച്ചത്. നെയ്പത്തിരി, ഇറച്ചിക്കറി, ഈത്തപ്പഴം, ചായ, കഞ്ഞി തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയത്. എസ്.എൻ.ഡി.പി അമ്പലപ്പുഴ താലൂക്ക് യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ വിശ്വാസികൾക്ക് കഞ്ഞി നൽകി നോമ്പ് തുറപ്പിച്ചു. ഇത് രണ്ടാംതവണയാണ് ശ്രീനാരായണീയർ പൊന്നാട് മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ എത്തി നോമ്പ് തുറപ്പിക്കുന്നത്. കഴിഞ്ഞ തവണ അമ്പലപ്പുഴ പാൽപായസവുമായാണ് വന്നത്. നോമ്പ് തുറക്കുന്നതിന് മുമ്പുതന്നെ ശാഖ ഭാരവാഹികൾ പള്ളിയിൽ എത്തിയിരുന്നു. മഹല്ല് പ്രസിഡൻറ് സി.സി. നിസാർ, പള്ളി ഇമാം മുഹമ്മദ് ഹനീഫ് ബാഖവി, ജനറൽ സെക്രട്ടറി എം.കെ. സെയ്ത് മുഹമ്മദ്, വൈസ് പ്രസിഡൻറ് മാഹീൻ മംഗലപ്പള്ളി, സെക്രട്ടറി റഫീഖ് നെല്ലിക്കൽ, കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീൻ നടുവത്തേഴത്ത്, കബീർ കറ്റാനം എന്നിവർ ചേർന്ന് ശാഖായോഗം ഭാരവാഹികളെ സ്വീകരിച്ചു. എസ്.എൻ.ഡി.പി യൂനിയൻ കൗൺസിലർ സി.പി. രവീന്ദ്രൻ, ശാഖ കമ്മിറ്റി പ്രസിഡൻറ് പി.വി. മുരളി, സെക്രട്ടറി പി.ഡി. രാജപ്പൻ, വൈസ് പ്രസിഡൻറ് പി.കെ. ഭാസുരൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ജിലാമോൻ, പി.എൻ. ബാബു, ചക്രപാണി എന്നിവരാണ് നോമ്പുതുറക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.