ആലുവ: നഗരത്തിലെയും ദേശീയപാതയിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നടപടികളില്ല. അധികൃതരുടെ പ്രഖ്യാപനങ്ങളിൽ മാത്രം പ്രശ്നപരിഹാരം ഒതുങ്ങുകയാണ്. ഇതുമൂലം യാത്രക്കാരും ട്രാഫിക് പൊലീസുമാണ് ദുരിതക്കയത്തിലാകുന്നത്. നഗരത്തിലും ദേശീയപാതയിലും ശനിയാഴ്ച പകൽ മുഴുവൻ ഗതാഗതക്കുരുക്കായിരുന്നു. ഈദുൽ ഫിത്ർ അടുത്തതോടെ ധാരാളം ആളുകൾ സാധനങ്ങൾ വാങ്ങാനും മറ്റുമായി എത്തിയതോടെ നഗരത്തിൽ ഗതാഗതം പലപ്പോഴും സ്തംഭിച്ചു. ഇതിനിടെ, മഴ ശക്തമായതോടെ പ്രശ്‍നം വർധിച്ചു. രാവിലെ ഒമ്പതോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകീട്ടാണ് ഒഴിവായത്. ഈ സമയമത്രയും ട്രാഫിക് പൊലീസ് കഷ്ടപ്പെടുന്നുണ്ടായിരുന്നു. മഴ അവഗണിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് യൂനിറ്റ് ഒന്നടങ്കം പരിശ്രമിച്ചു. എന്നാൽ, നഗരത്തിലെ അശാസ്ത്രീയ സംവിധാനങ്ങൾമൂലം പലപ്പോഴും ഇവർ പരാജയപ്പെട്ടു. കാറുകളടക്കമുള്ള സ്വകാര്യവാഹനങ്ങൾ ശനിയാഴ്ച കൂടുതലായിരുന്നെന്ന് ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീർ പറഞ്ഞു. ഇത്തരം വാഹനങ്ങൾ നിയന്ത്രണങ്ങളില്ലാതെ നിർത്തിയിട്ടതും ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു. ആലുവയിലെ ഗതാഗതക്കുരുക്കിന് ശാസ്ത്രീയ പരിഹാരം ഉണ്ടാക്കണമെന്ന് മനുഷ്യാവകാശ കമീഷൻവരെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രാഫിക് ഉപദേശകസമിതി, നഗരസഭ, ജനപ്രതിനിധികൾ തുടങ്ങിയവർ വിഷയത്തിൽ നോക്കുകുത്തികളായി മാറിയിരിക്കുന്നു. ദിേനന ആലുവയിൽ വന്നുപോകുന്ന ജോലിക്കാരും വിദ്യാർഥികളും രോഗികളുമടക്കം പ്രയാസം നേരിടുകയാണ്. വർഷങ്ങളായി ആലുവയിലെ റോഡുകളുടെ വികസനത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.