സ്വർണക്കടത്ത്​ വീണ്ടും സജീവം; കേക്ക് രൂപത്തിൽ കൊണ്ടുവന്ന 37 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു

നെടുമ്പാശ്ശേരി: -ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് വീണ്ടും വർധിക്കുന്നു. നോട്ട് നിരോധനത്തെ തുടർന്ന് ഒരു പരിധി വരെ സ്വർണക്കടത്തിൽ കുറവുണ്ടായിരുന്നെങ്കിലും രണ്ടാഴ്ചയായി വീണ്ടും വർധിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് കസ്റ്റംസ്, ഇൻറലിജൻസ് വിഭാഗങ്ങൾക്കൊപ്പം ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസും നിരീക്ഷണം ശക്തമാക്കി. ആറു മാസത്തിനിടെ നെടുമ്പാശ്ശേരിയിൽ മാത്രം ഏഴു കോടിയിലേറെ രൂപയുടെ സ്വർണം പിടിെച്ചടുത്തു. 23 കിലോയിലേറെ സ്വർണമാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് 37 ലക്ഷം രൂപയുടെ സ്വർണം കേക്കി​െൻറ രൂപത്തിൽ കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി അബ്ദുൾ സലീമിനെ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. 1269 ഗ്രാം സ്വർണം പൊടിച്ച ശേഷം ലായനിയിൽ മുക്കി അത് കേക്ക് രൂപത്തിലാക്കിയാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അരയിൽ ഒളിപ്പിച്ചത്. ഷാർജയിലെ ഒരു കടയിലെ ജീവനക്കാരനാണെന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ, അടിക്കടി യാത്ര ചെയ്യുന്ന ഇയാൾ കള്ളക്കടത്തി​െൻറ ഏജൻറാണെന്നാണ് സംശയിക്കുന്നത്. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്നവരെ സ്വാധീനിച്ച് മറ്റു പല സാധനങ്ങളുടെയും രൂപത്തിലാക്കി സ്വർണം കൊടുത്തുവിടുന്നുണ്ട്. പലരും സ്വർണമാണെന്നറിയാതെ കൊണ്ടുവന്ന് കുടുങ്ങുന്നുണ്ട്. ദുബൈ, ഷാർജ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലെത്തുന്നവരാണ് ഏറെയും സ്വർണം കടത്തുന്നത്. വിദേശികളെ ഉപയോഗപ്പെടുത്തി വലിയ തോതിൽ സ്വർണക്കടത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അവരും നിരീക്ഷണത്തിലാണ്. ജനുവരിയിൽ ആറു കിലോ സ്വർണമാണ് പിടികൂടിയത്. ഈ മാസം ഇതുവരെ അഞ്ചു കിലോ പിടികൂടി. സ്വർണക്കടത്തിന് പഴയതുപോലെ ലാഭം ഇപ്പോഴില്ല. എന്നിട്ടും വീണ്ടും സ്വർണക്കടത്ത് നടത്തുന്നതിന് പിന്നിൽ ഹവാല റാക്കറ്റുകളാണെന്ന സംശയവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.