ആലപ്പുഴ: ജില്ലക്ക് ശനിയാഴ്ച ശുചീകരണദിനം. പനിയും സാംക്രമികരോഗങ്ങളും തടയാൻ പരിസരം ശുചിയായി സൂക്ഷിക്കുന്നതിന് ആഹ്വാനം നൽകിയാണ് ശുചീകരണദിനം നടത്തുന്നത്. ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പൊതുസ്ഥലങ്ങളും ഓഫിസുകളും ആശുപത്രികളും ശുചീകരിക്കും. രാവിലെ എട്ടിന് ജനറൽ ആശുപത്രിയിൽ മന്ത്രി ജി. സുധാകരൻ ശുചീകരണയജ്ഞത്തിൽ പങ്കാളിയാകും. കലക്ടർ വീണ എൻ. മാധവൻ പങ്കെടുക്കും. ചേർത്തല താലൂക്ക് ഓഫിസിൽ മന്ത്രി പി. തിലോത്തമൻ പ്രവർത്തനങ്ങളിൽ പങ്കുചേരും. താലൂക്ക് ഓഫിസിലേക്കുള്ള റോഡുകൾ, ഓഫിസ് പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ തുടങ്ങി എല്ലായിടവും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൃത്തിയാക്കും. രണ്ട് തഹസിൽദാർമാരുടെയും എട്ട് ഡെപ്യൂട്ടി തഹസിൽദാർമാരുടെയും നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ നടക്കും. മിനിസിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർത്തല ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികളും പരിപാടിയിൽ പങ്കുചേരും. കലക്ടറേറ്റ്, താലൂക്ക് ഓഫിസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സർക്കാർ ഓഫിസിലും ഉദ്യോഗസ്ഥർ ശുചീകരണത്തിൽ പങ്കെടുക്കും. കലക്ടറേറ്റിൽ രാവിലെ ഒമ്പതിന് ശുചീകരണം ആരംഭിക്കും. ഓഫിസ് പരിസരെത്ത ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കൾ മാറ്റും. കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കും. കൊതുകുനിവാരണത്തിന് ആവശ്യമായ കാര്യങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരൻ വിളിച്ചുചേർത്ത മഴക്കാല രോഗപ്രതിരോധ പ്രവർത്തന അവലോകനയോഗത്തിലാണ് ഇന്ന് ശുചീകരണദിനമാക്കാൻ തീരുമാനിച്ചത്. 27, 28, 29 തീയതികളിൽ ശുചീകരണയജ്ഞത്തിന് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. മദ്യനയത്തിൽ പ്രതിഷേധിച്ച് 30ന് നിൽപ് സമരം ആലപ്പുഴ: സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ 30ന് നിൽപ് സമരം നടത്താൻ ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ കൂടിയ മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള സർക്കാർ നയം അടിയന്തരമായി തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നിൽപ് സമരം രാവിലെ 10ന് ആരംഭിച്ച് ഉച്ചക്ക് 12ന് അവസാനിപ്പിക്കും. തികച്ചും ഗാന്ധിയൻ രീതിയിൽ നടത്തുന്ന സമരത്തിൽ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സംസ്ഥാന-ജില്ല നേതാക്കളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. എസ്. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ബേബി പാറക്കാടൻ, എം.ഡി. സലീം, ജോർജ് കാരാച്ചിറ, കെ.എം. ജയസേനൻ, എം.ജെ. ഉമ്മച്ചൻ, ടി.എ. റാഷീദ്, എം.പി. സുവർണകുമാരി എന്നിവർ സംസാരിച്ചു. ശവ്വാൽ മാസപ്പിറവി അറിയിക്കണം ആലപ്പുഴ: ശനിയാഴ്ച അസ്തമിച്ച് ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ഹിലാൽ കമ്മിറ്റിയെ അറിയിക്കണമെന്ന് കൺവീനർ സി. മുഹമ്മദ് അൽഖാസിമി അറിയിച്ചു. ഫോൺ: 0477 2263737, 9946661564.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.