ആലപ്പുഴ: എഴുത്തും വായനയും അറിയാത്ത വയോധിക ദമ്പതികളെ കബളിപ്പിച്ച് ഏകസമ്പാദ്യമായ വസ്തു എഴുതിവാങ്ങിയ പ്രദേശവാസിക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. ചേർത്തല കുറുപ്പകുളങ്ങര മഠത്തിൽ കിഴക്കേച്ചിറ വീട്ടിൽ ദേവകി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ദേവകിക്ക് 78 വയസ്സായി. ഭർത്താവിന് 88ഉം. എഴുത്തും വായനയും അറിയില്ല. മക്കളും ബന്ധുക്കളുമില്ല. മരുന്ന് വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ അവർക്ക് ആകെയുണ്ടായിരുന്ന പത്ത് സെൻറ് സ്ഥലത്തിൽനിന്ന് ഏഴ് സെൻറ് സ്ഥലവാസിയായ എരിയം വീട്ടിൽ സാംബശിവന് വിറ്റതായി പരാതിയിൽ പറയുന്നു. എന്നാൽ, സാംബശിവൻ തങ്ങളെ കബളിപ്പിച്ച് 10 സെൻറ് സ്ഥലവും കൈവശപ്പെടുത്തി. എഴുത്തും വായനയും അറിയാത്തതിനാൽ ബാക്കിയുണ്ടായിരുന്ന മൂന്ന് സെൻറ് കൈവശപ്പെടുത്തിയ ചതി മനസ്സിലാക്കിയില്ല. ഇതിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. സിവിൽ വിഷയമാണെങ്കിലും മുതിർന്ന പൗരന്മാരുടെ സങ്കടത്തിൽ ഇടപെടുകയാണെന്ന് പി. മോഹനദാസ് നടപടിക്രമത്തിൽ പറഞ്ഞു. ചേർത്തല തഹസിൽദാർ സംഭവത്തെകുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റിൽ ആലപ്പുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. നിയമസാക്ഷരത പദ്ധതി 'തെളിമ' ജില്ലതല ഉദ്ഘാടനം ഇന്ന് ആലപ്പുഴ: ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ല നിയമസേവന അതോറിറ്റി തയാറാക്കിയ നിയമസാക്ഷരത പദ്ധതി 'തെളിമ'യുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 10.30ന് ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസാക്ഷരത മിഷൻ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ എം.പി ലോഗോ പ്രകാശനവും നഗരസഭ ചെയർമാൻ തോമസ് ജോസഫ് കൈപ്പുസ്തക പ്രകാശനവും നടത്തും. ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി 27ന് ജില്ലയിലെ 72 ഗ്രാമപഞ്ചായത്തിലും ആറ് നഗരസഭയിലും സ്കൂൾ-കോളജ് തലങ്ങളിലും ക്ലാസ് സംഘടിപ്പിക്കും. ജൂനിയർ ഡോക്ടർ ഒഴിവ് ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലേക്ക് ജൂനിയർ ഡോക്ടർമാരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സെക്രട്ടറിയുമായി ബന്ധപ്പെടുക. ഫോൺ: 0477 2269976, 2240229, 2240203.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.