വില്ലേജ്​ ഒാഫിസുകളിൽ വിജിലൻസ്​ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ആലപ്പുഴ: ജില്ലയിലെ വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പല ഒാഫിസിലും നടപടികളിൽ ഗുരുതര വീഴ്ചയും ക്രമക്കേടുകളും കണ്ടെത്തി. പല വില്ലേജ് ഒാഫിസിലും അപേക്ഷകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ചെമ്പേനാടയിൽ കർഷകൻ ആത്മഹത്യ ചെയ്തതി​െൻറ പശ്ചാത്തലത്തിലായിരുന്നു പരിശോധന. മണ്ണേഞ്ചരി വില്ലേജ് ഒാഫിസിൽ പുറത്തുനിന്നുള്ള ഒരാളെ നിയമവിരുദ്ധമായി ജോലിയിൽ നിയമിച്ചത് പരിശോധനയിൽ കണ്ടെത്തി. സ്വകാര്യവ്യക്തിയുടെ രേഖകൾ ലഭ്യമല്ലാത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ തെരഞ്ഞെടുത്ത് വില്ലേജ് രേഖകളിൽ ഉൾപ്പെടുത്താനാണ് വിരമിച്ച ഉദ്യോഗസ്ഥനെ ഇവിടെ നിയോഗിച്ചിരുന്നത്. 2013 മുതൽ സമർപ്പിച്ച മുപ്പതോളം അപേക്ഷകളും ഇവിടെ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. അപേക്ഷയൊന്നും രജിസ്റ്ററിൽ ചേർത്തിരുന്നില്ല. പല വില്ലേജ് ഒാഫിസിലും ഇതുതന്നെയായിരുന്നു സ്ഥിതി. ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ ചേർക്കാതെയും നടപടി സ്വീകരിക്കാതെയും സൂക്ഷിച്ചിരിക്കുകയായിരുന്നു. പോക്കുവരവിനുള്ള അപേക്ഷകളിലാണ് കൂടുതലായി ഉദ്യോഗസ്ഥർ നടപടി വൈകിപ്പിച്ച് സൂക്ഷിച്ചിരുന്നത്. വില്ലേജ് ഒാഫിസുകളിൽ ലഭിക്കുന്ന എല്ലാ അപേക്ഷയും രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും അപേക്ഷകൾക്ക് കൈപ്പറ്റ് രസീത് നൽകണമെന്നുമാണ് വ്യവസ്ഥ. ഇതെല്ലാം അവഗണിച്ചാണ് ഉദ്യോഗസ്ഥരുടെ നടപടി. കൈക്കൂലി ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥർ നടപടി വൈകിപ്പിച്ചതെന്ന് വ്യക്തമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കലവൂർ വില്ലേജ് ഒാഫിസിൽ 32 പോക്കുവരവ് അപേക്ഷ തീർപ്പാക്കാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവിടെ ലഭിച്ചിരുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. ചമ്പക്കുളം വില്ലേജ് ഒാഫിസിൽ 15 അപേക്ഷ തീർപ്പാക്കാതെ കണ്ടെത്തി. കലവൂർ വില്ലേജ് ഒാഫിസിൽ ഇൻസ്പെക്ടർ കെ.എ. തോമസി​െൻറയും ചമ്പക്കുളത്ത് ഇൻസ്പെക്ടർ ഹരി വിദ്യാധര​െൻറയും പുറക്കാട് വില്ലേജ് ഒാഫിസിൽ എം. വിശ്വംഭര​െൻറയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനക്ക് എത്തിയ വിജിലൻസ് സംഘത്തിനൊപ്പം കുട്ടനാട് തഹസിൽദാർ ഒ.ജെ. ബേബി, അമ്പലപ്പുഴ ആർ.ആർ തഹസിൽദാർ എം.വി. അനിൽകുമാർ, അമ്പലപ്പുഴ എൽ.ആർ തഹസിൽദാർ അജിത്കുമാർ, കമേഴ്സ്യൽ ടാക്സസ് ഒാഫിസർ കെ.കെ. ഷിജി എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.