കൊച്ചി: മെട്രോയിലെ സ്ഥിരം യാത്രക്കാർക്കായി പുറത്തിറക്കിയ 'കൊച്ചി വൺ' സ്മാർട്ട് കാർഡ് ഇതുവരെ സ്വന്തമാക്കിയത് 700ഒാളം പേർ. തുടക്കത്തിൽ കൗതുകത്തിന് യാത്ര ചെയ്യുന്നവരുടെ തിരക്കൊഴിഞ്ഞാൽ സ്ഥിരം യാത്രക്കാർ കൂടുമെന്നും ഇതോടെ കാർഡിനും ആവശ്യക്കാർ ഏറുമെന്നുമാണ് കെ.എം.ആർ.എൽ അധികൃതരുടെ പ്രതീക്ഷ. ഉദ്ഘാടനച്ചടങ്ങിൽ പുറത്തിറക്കിയ കാർഡിന് 150 രൂപയാണ് വില. തുടക്കത്തിൽ 200 രൂപക്ക് ചാർജ് ചെയ്യണം. ഏത് ബാങ്കിൽ അക്കൗണ്ടുള്ളവർക്കും കാർഡ് റീചാർജ് ചെയ്യാൻ എല്ലാ സ്റ്റേഷനിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. കാർഡിന് 75 രൂപ വാർഷിക ഫീസുമുണ്ട്. നിലവിൽ യാത്രക്കാരുടെ തിരക്ക് കുറവുള്ള പുളിഞ്ചുവട്, കമ്പനിപ്പടി സ്റ്റേഷനുകളിൽ മാത്രമേ കാർഡ് വിതരണമുള്ളൂ. അടുത്ത ആഴ്ച മുതൽ 11 സ്റ്റേഷനിലും കാർഡ് ലഭ്യമാക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക കൗണ്ടർ സജ്ജീകരിക്കും. കാർഡുള്ള സ്ഥിരം യാത്രക്കാർക്ക് 20 ശതമാനം നിരക്കിളവുണ്ട്. കാർഡിനുള്ള പ്രത്യേക മൊബൈൽ ആപ്പും അടുത്ത ആഴ്ച പുറത്തിറക്കും. വിദ്യാർഥികൾ, മുതിർന്ന പൗരൻമാർ തുടങ്ങി ഏതെങ്കിലും വിഭാഗങ്ങൾക്ക് നിരക്കിളവ് പരിഗണനയിലില്ലെന്നും മെട്രോ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.