എതിർപ്പുകൾ മുളയിലേ നുള്ളി വൻകിട പദ്ധതികൾക്ക്​ വഴിയൊരുക്കാൻ സർക്കാർ

കൊച്ചി: പ്രാദേശിക എതിർപ്പുകളെ മുളയിലേ നുള്ളി വൻകിട പദ്ധതികൾക്ക് വഴിയൊരുക്കാൻ സംസ്ഥാന സർക്കാർ. എതിർപ്പുകൾ അടിച്ചമർത്തിയും അവഗണിച്ചും എന്തു വിലകൊടുത്തും ചില പദ്ധതികൾ നടപ്പാക്കുകയും ഭരണനേട്ടമായി ഉയർത്തിക്കാട്ടുകയുമാണ് ലക്ഷ്യം. പുതുവൈപ്പ് പ്രക്ഷോഭം ശക്തമായിട്ടും പദ്ധതിക്ക് എല്ലാ സഹായവും ചെയ്യുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. ഇതിനെതിരായ പ്രതിഷേധങ്ങളെ മുൻവിധിയോടെയാണ് പലപ്പോഴും സർക്കാർ സമീപിച്ചത്. മേയ് 11ന് നടത്തിയ ചർച്ചയിൽ ഡി.ജി.പിയുടെ സാന്നിധ്യം സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കത്തി​െൻറ സൂചനയാണെന്ന് സമരസമിതി നേതാക്കൾ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്ന നടപടികളാണ് പിന്നീട് ഉണ്ടായത്. പുതുവൈപ്പ് സമരക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ ഡി.ജി.പിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി ന്യായീകരിക്കുകയായിരുന്നു. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് സി.പി.െഎ പോലും ശക്തമായി ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി ചെവിക്കൊണ്ടുമില്ല. പുതുവൈപ്പ് സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞത് സമരം ചെയ്തും വിമർശിച്ചും ഏതെങ്കിലും വികസന പദ്ധതികളിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിക്കാൻ നോക്കേണ്ടെന്നാണ്. ബുധനാഴ്ച പുതുവൈപ്പ് സമരക്കാരുമായി നടത്തിയ ചർച്ചയിൽ പ്രതിഷേധത്തി​െൻറ പേരിൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കി. പുതുവൈപ്പി​െൻറ കാര്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്താൽ നിർദിഷ്ട ഗെയിൽ വാതക പൈപ്പ് ലൈൻ, ദേശീയ പാത, വിഴിഞ്ഞം പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിഴിഞ്ഞത്തി​െൻറ കാര്യത്തിൽ വി.എസ്. അച്യുതാനന്ദ​െൻറ എതിർപ്പ് പോലും സർക്കാർ കണക്കിലെടുത്തിട്ടില്ല. വ്യാഴാഴ്ച കൊച്ചിയിൽ സാംസ്കാരിക പ്രവർത്തകരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലും പ്രധാനമായും ഉൗന്നിപ്പറഞ്ഞത് ചിലരുടെ പ്രയാസങ്ങളുടെ പേരിൽ വികസന പദ്ധതികൾ ഉപേക്ഷിക്കില്ലെന്നാണ്. പ്രതിപക്ഷത്തിരിക്കെ പല പദ്ധതികളെയും കണ്ണടച്ച് എതിർത്ത സി.പി.എമ്മി​െൻറ പുതിയ നിലപാട് വികസന വിരോധികളെന്ന പരമ്പരാഗത പ്രതിഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ ശ്രമത്തി​െൻറ ഭാഗമാണെന്നാണ് വിലയിരുത്തൽ. --പി.പി. കബീർ--
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.