ചെങ്ങന്നൂർ: മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിെൻറ അധീനതയിലെ മാന്നാറിലെ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയതായി ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ രോഗികൾക്ക് വിനയായി മാറിയതായി ആക്ഷേപം. പ്രവേശന കവാടത്തിലെ ഗേറ്റിനോട് ചേർന്ന് കസേരകൾ വെച്ച് അതിൽ കയറുകെട്ടിയ ശേഷം രോഗികളെ ഇവിടെയിറക്കി വാഹനങ്ങൾ സ്ത്രീകളുടെ വാർഡിെൻറ പടിഞ്ഞാറുവശത്തെ ഗ്രൗണ്ടിൽ നിർത്തിയിടണമെന്ന് മെഡിക്കൽ ഓഫിസറുടെ അറിയിപ്പ്. ഡോക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അവർ വാഹനങ്ങൾ ഒ.പി ടിക്കറ്റ് നൽകുന്ന കൗണ്ടറിന് മുന്നിലടക്കം നിർത്തിയിടുന്നു. ഈ പരിഷ്കാരത്തിൽ വയോധികർ, കൈക്കുഞ്ഞുങ്ങൾ, അവശതയനുഭവിക്കുന്നവരടക്കം ബുദ്ധിമുട്ടുകയാണ്. പരിഷ്കാരം നടപ്പാക്കുമ്പോൾ അത് എല്ലാവർക്കും ബാധകമാക്കേണ്ടതെന്നുള്ള ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്. പ്രതിഷേധം ഉയർന്നതോടെ കവാടത്തിൽനിന്നും രണ്ടുമീറ്റർ അകത്തേക്ക് മാറ്റി വനിത വാർഡിെൻറ പടി കഴിഞ്ഞാക്കിയിട്ടുണ്ട്. നിത്യേന 450ലധികം രോഗികൾ എത്തുന്ന ഇവിടെ ബുധനാഴ്ച രാവിലെ എട്ടിന് കൊടുത്തുതുടങ്ങേണ്ട ഒ.പി ടിക്കറ്റ് ഒരു മണിക്കൂർ വൈകി ഒമ്പത് മുതലാണ് നൽകിയത്. അതുപോലെ 12.50ന് എത്തിയാൽ പോലും ടിക്കറ്റ് നൽകില്ല. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സമയം രോഗികൾക്കായി ചെലവഴിക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അതുപോലെ സ്കൂൾ കുട്ടികൾക്കായുള്ള പ്രത്യേക ക്യൂ സംവിധാനവും ഇവിടെ ഇല്ലാതാക്കി. ലബോറട്ടറി സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടർമാർ ഒരു ലാബിൽ മാത്രമേ പരിശോധിക്കാവൂ എന്ന നിബന്ധനയോടെയാണ് കുറിപ്പ് നൽകുന്നത്. ഏകപക്ഷീയമായ നടപടി കഴിഞ്ഞ കുറച്ചുകാലമായി മറ്റു ലബോറട്ടറി നടത്തിപ്പുകാരിൽ പ്രതിഷേധത്തിന് ഇടയാക്കി. പൊതുവായ സമീപന രീതികളില്ലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുനീങ്ങുന്നതെന്ന ആരോപണം രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും ഉണ്ട്. ഭരണകക്ഷിയിലെ ഉന്നതെൻറ അനുഗ്രഹാശിസുകൾ ഉള്ളതിനാൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് ആതുര സേവനത്തിെൻറ കാര്യത്തിൽ മാന്നാറിൽ ഒന്നുംചെയ്യാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.