കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ എ.ടി.എം ഉദ്ഘാടനം

ആലുവ: വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അറച്ചുനിന്നാല്‍ സംസ്ഥാനത്തിന് തീരാനഷ്‌ടമാകും സംഭവിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ ജില്ല സഹകരണ ബാങ്ക് സ്ഥാപിച്ച എ.ടി.എമ്മുകളുടെ ഉദ്ഘാടനം ആലുവ സ്‌റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ന്യായങ്ങളുടെ പേരില്‍ വികസനപ്രവര്‍ത്തനം ഏറ്റെടുക്കാതിരിക്കാനോ നിര്‍ത്തിവക്കാനോ സര്‍ക്കാറിന് കഴിയില്ല. ഏതൊരു പദ്ധതി ആരംഭിക്കുമ്പോഴും ജനാഭിപ്രായം മാനിക്കണം. അവര്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അത് അകറ്റണം. വിഷമങ്ങള്‍ പരിഹരിക്കണം. ഇക്കാര്യങ്ങളില്‍ വ്യക്തമായ നിലപാടാണ് സര്‍ക്കാറിന്. പ്രവാസികളുടെ അടക്കം നിക്ഷേപങ്ങള്‍ സമാഹരിച്ച് സംസ്ഥാന വികസനത്തിന് ഉപയോഗിക്കും. ഇതിനാണ് കേരള ബാങ്കുമായി മുന്നോട്ടുപോകുന്നത്. നിലവില്‍ വിദേശ നാണയം സ്വീകരിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. കൊച്ചി മെട്രോക്ക് 470 കോടി രൂപയാണ് ജില്ല സഹകരണ ബാങ്ക് നൽകിയത്. കൊച്ചി വിമാനത്താവളത്തിനും വായ്പ നൽകി. കെ.എസ്.ആര്‍.ടി.സിക്കും ഇത്തരത്തില്‍ വായ്പ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ലിസി എബ്രഹാം, കൗണ്‍സിലര്‍ എം.ടി. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.