ഉമ്മൻ ചാണ്ടിയുടെ മെട്രോ യാത്ര: നിയമലംഘനത്തിന്​ കേസെടുക്കണമെന്ന് സി.പി.എം

ആലുവ: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ മെട്രോ യാത്രയുമായി ബന്ധപ്പെട്ട് നിയമലംഘനത്തിന് കേസെടുക്കണമെന്ന് സി.പി.എം. പരിപാടി സംഘടിപ്പിച്ച യു.ഡി.എഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ആലുവ ഏരിയ കമ്മിറ്റി കെ.എം.ആര്‍.എല്ലിന് പരാതി നല്‍കി. എല്ലാ നിയമങ്ങളും ലംഘിച്ച് മെട്രോ ട്രെയിനി‍​െൻറ പ്രവര്‍ത്തനങ്ങൾ തടസ്സപ്പെടുത്തിയാണ് ജനകീയ യാത്രയെന്ന പേരില്‍ പരിപാടി നടത്തിയത്. മെട്രോ സ്‌റ്റേഷനിലും ട്രെയിനിലും പ്രകടനം നടത്തിയും മുദ്രാവാക്യം വിളിച്ചും നിയമലംഘനം നടത്തി. ട്രെയിനിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതിനാൽ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ടിക്കറ്റെടുക്കാതെയായിരുന്നു പലരുെടയും യാത്ര. സുരക്ഷ സംവിധാനങ്ങള്‍ക്കും ഓട്ടോമാറ്റിക്‌സ് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിപാടി വലിയ തലവേദനയാണുണ്ടാക്കിയത്. എല്ലാ നിയമങ്ങളെക്കുറിച്ചും വ്യക്തമായ ബോധമുള്ളവരാണ് കേരളത്തി‍​െൻറ അഭിമാനമായ മെട്രോയുടെ നിയമങ്ങള്‍ ലംഘിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതെന്നും സി.പി.എം ആരോപിക്കുന്നു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെ പേരിലും കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്ന് ആലുവ ഏരിയ സെക്രട്ടറി വി. സലീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.