നെടുമ്പാശ്ശേരി: ഷാർജയിലെ തൊഴിൽസ്ഥാപനത്തിൽനിന്ന് അവധിയെടുക്കാതെ ഒരാഴ്ച മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നയാൾ ഇനിയും വീട്ടിലെത്തിയില്ല. ബന്ധുക്കളുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് തിരച്ചിൽ തുടങ്ങി. പാലക്കാട് ആലത്തൂർ മേലോർക്കോട് സ്വദേശി ശശികുമാറിനെയാണ് (50) കാണാതായത്. ജൂൺ 13നാണ് രാവിലെ 6.50നുളള ജെറ്റ് എയർവേയ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതെന്ന് യാത്രാരേഖകൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായി. ഷാർജയിലെ ഒരു സ്ഥാപനത്തിൽ സെയിൽസ്മാനായ ഇയാൾ ഒരു വർഷംമുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ജോലിക്ക് ഹാജരാകാതെവന്നതിനെ തുടർന്ന് കമ്പനിയധികൃതർ കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. മൊബൈൽ നമ്പർ പിന്തുടർന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചതായി നെടുമ്പാശ്ശേരി എസ്.ഐ സോണി മത്തായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.