'ജനകീയ മെട്രോ യാത്ര' ജനത്തെ വലച്ചു

ആലുവ: ജനകീയ മെട്രോ യാത്ര പൊതുയാത്രക്കാരെ വലച്ചു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രയിൽ നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മെട്രോ യാത്രക്കെത്തിയതോടെ ജീവനക്കാരും സാധാരണക്കാരും ദുരിതത്തിലായി. കോൺഗ്രസ് പ്രവർത്തകർ ഇടിച്ചുകയറിയതോടെ ആലുവ, പാലാരിവട്ടം സ്‌റ്റേഷനുകൾ നിന്നുതിരിയാൻ കഴിയാത്തവിധം തിരക്കായി. പലപ്പോഴും നിയന്ത്രണം വിട്ട പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് ശാന്തരാക്കിയത്. മുദ്രാവാക്യം വിളികള്‍ മെട്രോയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, നേതാക്കള്‍ക്കൊപ്പം മെട്രോ സ്‌റ്റേഷന് മുന്നില്‍നിന്ന് പ്ലാറ്റ്‌ഫോം വരെ ഈ മര്യാദ ലംഘിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി ഒപ്പമുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ഈ കോലാഹലം ബുദ്ധിമുട്ടുണ്ടാക്കി. നേതാക്കൾ മാത്രമുള്ള യാത്രയെന്നാണ് ഭാരവാഹികള്‍ നേരത്തേ അറിയിച്ചിരുന്നത്. പ്രവര്‍ത്തകരോട് പാലാരിവട്ടത്ത് എത്താനായിരുന്നു നിർദേശം. എന്നാല്‍, ചൊവ്വാഴ്ച രാവിലെ സംഘാടകര്‍ നിലപാട് മാറ്റി. കഴിയുന്നത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനായിരുന്നു ശ്രമം. ഇതോടെ മെട്രോ സ്‌റ്റേഷനില്‍ തിരക്കേറി. ഉമ്മന്‍ ചാണ്ടിയും മറ്റ് നേതാക്കളും എത്തുന്നതിന് ഏറെനേരം മുേമ്പ തന്നെ പ്രവര്‍ത്തകരെക്കൊണ്ട് ആലുവ സ്റ്റേഷന്‍ നിറഞ്ഞിരുന്നു. ഇതുവഴിയുള്ള വാഹന ഗതാഗതത്തിനും തടസ്സം നേരിട്ടു. ടിക്കറ്റ് സ്‌കാനര്‍ മെഷീനില്‍ ഇത്രയും പേരെ ഒരേസമയം ഉള്‍ക്കൊള്ളാനാവാതെ വന്നതോടെ തൊട്ടടുത്ത കവാടം തുറന്ന് കൊടുക്കേണ്ടി വന്നു. പ്ലാറ്റ്‌ഫോമിലെ മഞ്ഞവര മുറിച്ചുകടക്കുന്നത് അപകടം ഉണ്ടാക്കുമെന്ന ജീവനക്കാരുടെ മുന്നറിയിപ്പ് പലപ്പോഴും അവഗണിക്കപ്പെട്ടു. ട്രെയിന്‍ വന്നതോടെ അതിലെ യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ അവസരം കൊടുക്കാതെ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമാണ് നടന്നത്. പ്ലാറ്റ്ഫോമിലിറങ്ങിയ സാധാരണ യാത്രക്കാര്‍ താഴെ സ്റ്റേഷന്‍ കവാടത്തിലെത്താന്‍ ബുദ്ധിമുട്ടി. പാലാരിവട്ടം സ്റ്റേഷനില്‍ ആദ്യം ട്രെയിനിറങ്ങിയ പ്രവര്‍ത്തകര്‍ പുറത്തേക്ക് പോവാതെ നേതാക്കള്‍ക്കായി കാത്തുനിന്നു. അടുത്ത ട്രെയിനില്‍ നേതാക്കള്‍ എത്തിയതോടെ വന്‍ ആള്‍ക്കൂട്ടമായാണ് സ്‌റ്റേഷന്‍ കവാടത്തിലേക്ക് ഇറങ്ങിയത്. ടിക്കറ്റെടുക്കാന്‍ നിന്നവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ജനക്കൂട്ടമൊഴിയാന്‍ അല്‍പനേരം കാത്തുനില്‍ക്കേണ്ടിവന്നു. തിരക്കുകാരണം ടിക്കറ്റ് സ്‌കാനര്‍ യന്ത്രത്തി​െൻറയും എസ്‌കലേറ്ററി​െൻറയും പ്രവര്‍ത്തനം കുറച്ചുനേരത്തേക്ക് പ്രവര്‍ത്തനം നിർത്തി വെക്കേണ്ടി വന്നു. സ്റ്റേഷന് വെളിയില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചത്. മെട്രോയില്‍ നിരോധിച്ച കൊടിതോരണങ്ങളുമായാണ് പ്രവര്‍ത്തകര്‍ സ്വീകരണത്തിന് അവിടെയെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.