പനിബാധിതർ ഉയരുന്നു; 56,253 പേർ ചികിത്സ തേടി

ആലപ്പുഴ: ജില്ലയിൽ പനിബാധിതർ ഉയരുന്നു. ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയവർ 56,253 ആയി. തിങ്കളാഴ്ച 1078 പേരാണ് പനിബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പനിബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. ചിക്കൻപോക്സ്, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് പൊതുവെ കണ്ടുവരുന്നത്. ദേവികുളം, അരൂർ, വയലാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് നാല് പുതിയ ചിക്കൻപോക്സ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, മുഹമ്മ, കലവൂർ, ചെട്ടിക്കാട്, ആലപ്പുഴ നഗരസഭ എന്നിവിടങ്ങളിൽനിന്ന് 10 ഡെങ്കിപ്പനി കേസുകളും ഉണ്ടായിട്ടുണ്ട്. ആശുപത്രികളിൽ തുടങ്ങിയ പനി വാർഡുകളിലും ക്ലിനിക്കുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പനിയുള്ളവർ ഡോക്ടർമാരുടെ നിർദേശ പ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂവെന്ന് ജില്ല മെഡിക്കൽ ഓഫിസ് അറിയിച്ചു. രോഗം ക്രമാതീതമായി ഉയരുന്ന മേഖലകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​െൻറ സഹകരണത്തോടെ പ്രത്യേക പനിചികിത്സ ക്യാമ്പുകൾ തുടങ്ങണമെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചിരിക്കുന്നത്. ഇത് ഉടൻ ആരംഭിക്കാനാണ് സാധ്യത. ജില്ലയിൽ പനി മോണിറ്ററിങ് സെൽ തുടങ്ങി ആലപ്പുഴ: 24 മണിക്കൂറും പ്രവർത്തിക്കുന്ന പനി മോണിറ്ററിങ് സെൽ ജില്ലയിൽ ആരംഭിച്ചു. ചികിത്സ, ബോധവത്കരണം, രോഗീപരിചരണം, ആശുപത്രികളിലെ ശുചിത്വ നിലവാരം, മരുന്ന് ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സെല്ലിൽ അറിയിക്കാം. ഫോൺ: 0477 2270311. ലഭിച്ച പരാതികൾ ഒരോ പഞ്ചായത്തിലും പ്രത്യേകം ചുമതലപ്പെടുത്തിയ നോഡൽ ഓഫിസറെ അറിയിക്കും. എടുത്ത നടപടി സംബന്ധിച്ച വിവരം ജില്ല-സംസ്ഥാന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് െചയ്യും. ആരോഗ്യ മന്ത്രിയുടെ ഓഫിസിലെ പ്രത്യേക സെൽ പരാതികളും നടപടികളും ദിവസേന വിലയിരുത്തും. മഴക്കാല രോഗപ്രതിരോധ-നിയന്ത്രണ പ്രവർത്തനം; അവലോകന യോഗം ഇന്ന്് ആലപ്പുഴ: ജില്ലയിൽ മഴക്കാല രോഗപ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള യോഗം ചൊവ്വാഴ്ച രാവിലെ 11.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. ജില്ലയിൽനിന്നുള്ള മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും പങ്കെടുക്കും. വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്ന് കലക്ടർ വീണ എൻ. മാധവൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.