ട്രോളിങ് നിരോധനം: പ്രതീക്ഷയോടെ ചെറുവള്ളങ്ങൾ മത്സ്യക്കൊയ്ത്തിന്

എടവനക്കാട്: ട്രോളിങ് നിരോധനം നിലവിൽ വന്നതിനെത്തുടർന്ന് വള്ളങ്ങളും ചെറുവഞ്ചികളും മത്സ്യക്കൊയ്ത്തിന് കടലിൽ ഇറങ്ങിത്തുടങ്ങി. മഴക്കോൾ തൽക്കാലം മാറിനിൽക്കുന്നതിനാൽ വള്ളക്കാർ പ്രതീക്ഷയിലാണ്. കാറ്റും കോളും നിറഞ്ഞ് കടൽ ക്ഷുഭിതമായ അന്തരീക്ഷത്തിലാണ് മത്സ്യലഭ്യത കൂടുതലെങ്കിലും മത്സ്യബന്ധനം സാധ്യമാകില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ കിട്ടിയിരുന്ന ചെമ്മീൻ ഇപ്പോൾ കിട്ടുന്നില്ല. പകരം മത്തിയാണ് ലഭിക്കുന്നത്. ഇടക്കാലത്ത് അപ്രത്യക്ഷമായ മത്തി സുലഭമായി ലഭിക്കുമെന്ന സൂചനയുള്ളതായി പഴമക്കാരായ മത്സ്യത്തൊഴിലാളികൾ പറയുന്നു. ആഭ്യന്തര വിപണിയിൽ മത്തിക്ക് ആവശ്യമുള്ളതുകൊണ്ട് തൊഴിലാളികൾ ഏറെ ഉത്സാഹത്തിലാണ്. കാലവർഷക്കാലത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത്. വില കൂടിയ ചെമ്മീൻ ഇനങ്ങളായ നാരൻ, പൂവാലൻ എന്നിവ വൻതോതിൽ ഇക്കാലത്ത് ലഭിക്കും. ശാന്തമായിക്കിടക്കുന്ന കടൽ ഇളകിമറിഞ്ഞാലാണ് കൂട്ടമായി ചെമ്മീൻ എത്തുക. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനുമുമ്പ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം കരുപ്പിടിപ്പിക്കുന്ന കാലയളവുകൂടിയാണ് മൺസൂൺ കാലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.