ബസ് സ്‌റ്റാൻഡിലെ അനധികൃത പൊതുസമ്മേളനം; നഗരസഭ നടപടിയെടുത്തേക്കും

ആലുവ: സ്വകാര്യ ബസ് സ്‌റ്റാൻഡിൽ അനധികൃത പൊതുസമ്മേളനം നടത്തിയതിനെതിരെ നഗരസഭ നടപടിയെടുത്തേക്കുമെന്ന് സൂചന. ബസ് ഉടമകളുടെ സമ്മേളനത്തിനാണ് ടെർമിനൽ വേദിയാക്കിയത്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം സൃഷ്ടിച്ചിരുന്നു. പ്രതിഷേധമെന്നോണം ടെർമിനലിലെ കച്ചവടക്കാർ കടകളടച്ചിരുന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചർ പങ്കെടുത്ത ചടങ്ങാണ് ടെർമിനലിൽ യാത്രക്കാർക്ക് വിശ്രമത്തിനായി നിർമിച്ച സ്‌ഥലത്ത് സംഘടിപ്പിച്ചത്. കച്ചവടക്കാർ കട തുറക്കാനെത്തിയപ്പോഴേക്കും സംഘാടകർ വേദിയും സദസ്സുമെല്ലാം ഒരുക്കി കഴിഞ്ഞിരുന്നു. യാത്രക്കാർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടാകും എന്നാരോപിച്ച് കച്ചവടക്കാർ പ്രതിഷേധം ഉയർത്തിയെങ്കിലും സംഘാടകർ കാര്യമാക്കിയില്ല. തുടർന്നായിരുന്നു കച്ചവടക്കാരുടെ പ്രതിഷേധം. മന്ത്രിക്ക് പുറമെ അൻവർ സാദത്ത് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നഗരസഭ പരിപാടിക്ക് വാക്കാൽ അനുവാദം മാത്രമാണ് നൽകിയിരുന്നത്. ബസ് ഉടമകളും തൊഴിലാളികളും സ്‌റ്റാൻഡിൽ ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്താണ് സാധാരണ പരിപാടി നടത്താറുള്ളത്. അത്തരം ചെറിയ പരിപാടിയെന്ന ധാരണയിലാണ് വാക്കാൽ അനുവാദം നൽകിയതെന്ന് ചെയർപേഴ്‌സൺ പറയുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി പൊതു സ്‌ഥലങ്ങളിൽ പരിപാടികൾ നടത്തുന്നത് നിയമവിരുദ്ധമാണ്. ബസ് െടർമിനലിലെ പരിപാടിക്കെതിരെ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സംഘാടകരിൽനിന്ന് വിശദീകരണം തേടാൻ നഗരസഭ തീരുമാനിച്ചതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.