ടാറിങ്ങിനുശേഷം വശങ്ങളിൽ മണ്ണിട്ട് ഉറപ്പിക്കാത്തത് യാത്രക്കാർക്ക് ഭീഷണി

ആലങ്ങാട്: റോഡ് ടാറിങ് കഴിഞ്ഞശേഷം വശങ്ങളിൽ മണ്ണിട്ട് ഉറപ്പിക്കാത്തത് കാൽനടക്കാർക്കും വാഹന യാത്രികർക്കും ദുരിതമാകുന്നു. ആലുവ-പറവൂർ റോഡിൽ പലയിടത്തും അപകടക്കുഴികളാണ്. അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കരുമാല്ലൂർ മരോട്ടിച്ചുവട് ബസ് കാത്തുനിൽപ് കേന്ദ്രത്തോട് ചേർന്ന് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. പറവൂരിൽനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വശത്ത് കാത്തുനിൽപ് കേന്ദ്രം ഇല്ലാത്തതുമൂലം റോഡരികിലാണ് നാട്ടുകാർ ബസ് കാത്തുനിൽക്കുന്നത്. മഴക്കാലമായതോടെ ഇപ്പോൾ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിലിറങ്ങി വാഹനം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. റോഡരികിൽ സ്ഥിതിചെയ്യുന്ന കാനകളിൽ മണ്ണ് നിറഞ്ഞ് മൂടിക്കിടക്കുകയാണ്. കാനകൾ വൃത്തിയാക്കാത്തതും വെള്ളക്കെട്ടിന് കാരണമായി. ദിവസേന നൂറുകണക്കിന് ജനങ്ങളാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. റോഡി​െൻറ വീതിക്കുറവും വശങ്ങളിലെ കുഴികളും അപകടത്തിന് കാരണമാകുന്നുണ്ട്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് നടപടികളെടുക്കണമെന്ന് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.