പള്ളുരുത്തി: 17 വർഷം മുമ്പ് വിച്ഛേദിച്ച വാട്ടർ കണക്ഷന് 1.25928 രൂപയുടെ ബിൽ. തോപ്പുംപടി പ്യാരി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഗുരുദേവ മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിനാണ് ജല അതോറിറ്റി വക ഇരുട്ടടി. കരുവേലിപ്പടി വാട്ടർ അതോറിറ്റി അസി.എക്സി. എൻജിനീയറുടേതാണ് നോട്ടീസ്. ഓർക്കാപ്പുറത്ത് വന്ന കുടിശ്ശിക ബിൽ കണ്ട് അമ്പരന്ന് നിൽക്കുകയാണ് സ്ഥാപന ഉടമ സജു. തുടർച്ചയായി കുടിവെള്ളം ലഭിക്കാത്തതിനെത്തുടർന്നാണ് ജല അതോറിറ്റിക്ക് കത്ത് നൽകി കണക്ഷൻ ഒഴിവാക്കിയതെന്ന് സജു പറയുന്നു. പിതാവായിരുന്നു അന്ന് സ്ഥാപനം നടത്തിയിരുന്നത്. ജല അതോറിറ്റിയുടെ മുന്നറിയിപ്പ് നോട്ടീസ് ഇന്നുവരെ ലഭിച്ചിട്ടില്ല. ജല അതോറിറ്റിക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്നും സജു പറഞ്ഞു.അതേസമയം, ഗാർഹികേതര കണക്ഷൻ ഉപയോഗത്തിനാണ് നോട്ടീസ് നൽകിയതെന്ന് കരുവേലിപ്പടി ജല അതോറിറ്റി ഓഫിസ് അധികൃതർ അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കുന്ന സമയത്ത് 2982 രൂപ കുടിശ്ശികയുണ്ടായിരുന്നു. ഉപഭോക്താവ് പാലിക്കേണ്ട മുഴുവൻ നടപടിക്രമങ്ങളും കണക്ഷൻ ഒഴിവാക്കേണ്ട ഘട്ടത്തിൽ പാലിച്ചിട്ടില്ലെന്നും വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഇതേ തുടർന്നാണ് പലിശയും പിഴപ്പലിശയും ചേർത്ത് ഈ തുക വന്നതെന്നാണ് അനൗദ്യോഗികമായി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.