അങ്കമാലി: ഗോമാതാക്കളെ സംരക്ഷിക്കാന്‍ ആവേശം കൊള്ളുന്ന ഭരണാധികാരികള്‍ രാജ്യത്തെ അമ്മമാരെ സംരക്ഷിക്കാന്‍ എന്ത് പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഡോ. എം. ലീലാവതി. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് നേരെ ഭരണാധികാരികള്‍ മുഖം തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കവി എസ്. രമേശന് അങ്കമാലി വ്യാപാരഭവന്‍ഹാളില്‍ പു.ക.സ അങ്കമാലി എരിയ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലീലാവതി. കര്‍ഷകരുടെ മക്കളാണ് രാജ്യത്ത് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ദരിദ്ര കര്‍ഷകരോട് ഗോമാതാവിന് ഭക്ഷണം കൊടുക്കാനാണ് ഭരണകൂടം പറയുന്നത്. കര്‍ഷകരുടെ മക്കള്‍ പട്ടിണി കിടന്ന് മരിക്കേണ്ടകാലം അതിവിദൂരമല്ല. മൃഗങ്ങളോട് കാണിക്കുന്ന കാരുണ്യംപോലും മനുഷ്യരോട് കാണിക്കാത്ത ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് ഭരണാധികാരികളല്ല. നിയമം കൊണ്ട് അനുസരിപ്പിക്കാമെന്ന ധാരണയും മിഥ്യയാണെന്ന് ഡോ. ലീലാവതി പറഞ്ഞു. തലചായ്ക്കാന്‍ ഇടമല്ലാതെ വലയുന്ന ദരിദ്രകോടികളുടെ രാജ്യത്ത് ദൈവങ്ങള്‍ക്ക് കിടപ്പാടമുണ്ടാക്കാന്‍ കോടികളാണ് ചെലവഴിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തങ്ങളുടെ ആളായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ 2000 കോടി ചെലവിട്ട് ഗുജറാത്തില്‍ പ്രതിമ നിർമിച്ചിരിക്കുകയാണ്. അതുകൊണ്ട് വിശപ്പടങ്ങുമോയെന്നും അവര്‍ ചോദിച്ചു. ചിരിക്കാന്‍ കഴിയുന്നതോടൊപ്പം അപരന് വേണ്ടി കരയാനും സാധിക്കണം. അത്തരം കഴിവുകളാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. ചുണ്ടുകള്‍ ചലിപ്പിക്കാനാകുമ്പോള് ശബ്ദിക്കണം. നാവ് അരിയാത്തിടത്തോളം കാലം പറയുകയും വേണമെന്നും അവര്‍ പറഞ്ഞു. ഏരിയ പ്രസിഡൻറ് ഡോ.സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാല പ്രൊ. വൈസ് ചാന്‍സലർ ഡോ. ധര്‍മരാജ് അടാട്ട്, പു.ക.സ സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. മണിയപ്പന്, കെ.കെ. ഷിബു എന്നിവര്‍ സംസാരിച്ചു. ജി. രാജേന്ദ്രന് നായര്‍ എസ്. രമേശെൻറ കവിത ആലപിച്ചു. കെ.പി.ജി പുസ്തക പ്രദര്‍ശനവും, വില്പനയും അരങ്ങേറി. ഏരിയ സെക്രട്ടറി രതീഷ്കുമാര്‍ കെ. മാണിക്യമംഗലം സ്വാഗതവും വൈസ് പ്രസിഡൻറ് ഷാജി യോഹന്നാന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.