പറവൂർ: നഗരസഭയുടെ 2017-18 സാമ്പത്തിക വർഷത്തേക്ക് എട്ടരക്കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം. വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാറിൽ കരട് രേഖ അവതരിച്ചാണ് അംഗീകാരം നേടിയത്. സമ്പൂർണ ഭവനപദ്ധതി, സർക്കാർ എൽ.പി, യു.പി സ്കൂളുകൾക്ക് എൽ.സി.ഡി െപ്രാജക്ടർ, പറവൂർ മാർക്കറ്റിൽ ശൗചാലയം, ഷോപ്പിങ് കോംപ്ലക്സ്, മുനിസിപ്പൽ കവലക്കു സമീപം ബസ്-ബേ, മുനിസിപ്പൽ പഴയ പാർക്കിൽ പണം നൽകി ഉപയോഗിക്കാവുന്ന പൊതു ശൗചാലയം എന്നിവ പദ്ധതിയിൽ ഉൾപ്പെടും. കുടിവെള്ളം സംരക്ഷിക്കാൻ നഗരത്തിലെ വീടുകൾ കേന്ദ്രീകരിച്ച് കിണർ റീചാർജിങ് പദ്ധതി നടപ്പാക്കും. ജലാശയങ്ങൾ നിലനിർത്താൻ പൊതുകുളങ്ങളും കിണറുകളും സംരക്ഷിക്കുക, നഗരത്തിലെ കാടുപിടിച്ചുകിടക്കുന്ന സ്വകാര്യവ്യക്തികളുടെ തരിശുനിലങ്ങൾ കുടുംബശ്രീ പ്രവർത്തകരെക്കൊണ്ട് വൃത്തിയാക്കി കൃഷിക്ക് അനുയോജ്യമാക്കുക എന്നിങ്ങനെ പ്രധാന പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. തിങ്കളാഴ്ച ചേരുന്ന നഗരസഭ കൗൺസിൽ അംഗീകാരത്തോടെ 15നകം പദ്ധതി ജില്ല ആസൂത്രണ സമിതി മുമ്പാകെ സമർപ്പിക്കും. ടൗൺഹാളിൽ നടന്ന സെമിനാർ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജെസി രാജു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. നിധിൻ, ജലജ രവീന്ദ്രൻ, പ്രദീപ് തോപ്പിൽ, വി.എ. പ്രഭാവതി, ബെന്നി തോമസ്, പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്. രാജൻ, സൂപ്രണ്ട് എസ്. ഗണേശൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ നിർവഹണ ഉദ്യോഗസ്ഥർ, വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.