പെരുമ്പാവൂർ: പച്ചക്കറി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് പരിസരം ചീഞ്ഞുനാറുന്നു. കെട്ടിടത്തിന് പിറകിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം അഴുകിയാണ് പരിസരമാകെ നാറുന്നത്. കെട്ടിടത്തിന് അകത്തുള്ള പച്ചക്കറിക്കടകളിൽ അവശേഷിക്കുന്നതും പുറത്തുനിന്നുമുള്ള മാലിന്യങ്ങളും തള്ളുന്നത് ഇവിടെയാണ്. മാസങ്ങൾ കഴിഞ്ഞാണ് നഗരസഭ ഇവ നീക്കുന്നത്. അസഹ്യ ദുർഗന്ധം മൂലം മൂക്കുപൊത്താതെ ഈ ഭാഗത്തുകൂടി വഴിനടക്കാൻ കഴിയില്ല. കെട്ടിടത്തിന് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ആളുകൾ ദുരിതത്തിലാണ്. ദുർഗന്ധം വമിക്കുന്നതിനാൽ ഉച്ചഭക്ഷണംപോലും ഒഴിവാക്കുന്നതായി ഇവിടങ്ങളിലെ ജീവനക്കാർ പറയുന്നു. മഴക്കാലമായതിനാൽ മലിനജലം വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലേക്ക് ഒഴുകിയെത്തുകയാണ്. നഗരസഭയുടെ മുറികളിൽ വ്യാപാരം നടത്തുന്നതിനാൽ പ്രതിഷേധിക്കാനും ഇവർക്കാവുന്നില്ല. മാലിന്യം കുന്നുകൂടി ശല്യം രൂക്ഷമാകുമ്പോൾ നഗരസഭയെ അറിയിക്കുകയാണ് പതിവ്. ഇത് ആവർത്തിക്കുമ്പോൾ മാത്രം നീക്കം ചെയ്യും. രണ്ടാഴ്ച മുമ്പ് നീക്കം ചെയ്തെങ്കിലും ഇപ്പോൾ വീണ്ടും കുന്നുകൂടി. മാലിന്യനീക്കം നടക്കുന്നതായി നഗരസഭ അവകാശപ്പെടുമ്പോൾ ഈ ഭാഗത്തെ മാലിന്യം മാത്രം എന്തുകൊണ്ട് നീക്കുന്നില്ലെന്ന് വ്യാപാരികൾ ചോദിക്കുന്നു. ഉപയോഗശൂന്യമായ പച്ചക്കറിയും മറ്റും ശേഖരിച്ച് പ്രവർത്തിപ്പിക്കുന്ന ബയോഗ്യാസ് പ്ലാൻറിന് സമീപത്താണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഇവ മാലിന്യമായി നാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.