മണ്ണഞ്ചേരി: മരണാനന്തര ചടങ്ങിനിടെ വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീ പിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു. ഇടുങ്ങിയ വഴി രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ആലപ്പുഴയിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സിലിണ്ടർ നിർവീര്യമാക്കിയത്. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കായിച്ചിറയിൽ സാബുവിെൻറ വീട്ടിൽ ബുധനാഴ്ച ഉച്ചക്ക് 11.30ഓടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം മരണപ്പെട്ട സാബുവിെൻറ പിതാവ് ബാലകൃഷ്ണെൻറ മരണാനന്തര ചടങ്ങുകൾ നടക്കുന്ന സമയത്തായിരുന്നു അപകടം. ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ വീട്ടിലുണ്ടായിരുന്നു. തീ പടരാതിരിക്കാൻ ചാക്ക് നനച്ചിടുന്നതിനിടെയാണ് കായിച്ചിറയിൽ പുഷ്കരന് (47) പൊള്ളലേറ്റത്. സിലിണ്ടറും അടുപ്പുമായുള്ള ട്യൂബ് ലീക്കായതാണ് അപകട കാരണം. കായലോര പ്രദേശമായ ഈ ഭാഗത്തേക്ക് നല്ല വഴിയില്ല. മണ്ണഞ്ചേരിയിൽ എത്തിയ ഫയർഫോഴ്സ് സംഘം പിന്നീട് ജീപ്പിലാണ് അപകടസ്ഥലത്ത് എത്തിയത്. സമീപത്തെ തോട്ടിലേക്ക് സിലിണ്ടർ ഇട്ടാണ് നിർവീര്യമാക്കിയത്. സ്റ്റേഷൻ ഓഫിസർ എസ്. സതീഷ്, ലീഡിങ് ഫയർമാൻ ജയദേവൻ, ഫയർമാൻമാരായ ജയകുമാർ, ഡി. സനൽ, എച്ച്. ഗിരീഷ്, ആർ. കൃഷ്ണദാസ്, എം.ആർ. സുരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.