വൈപ്പിന്‍: എടവനക്കാട് വാച്ചാക്കല്‍ കിഴക്ക് മേത്തറയില്‍ പഞ്ചായത്ത് ഭൂമിയില്‍ സ്ഥാപിച്ച അംബേദ്കര്‍ പ്രതിമ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് പട്ടിക ജാതി സംയുക്ത സമരസമിതി പ്രഖ്യാപിച്ച വൈപ്പിന്‍ ഹര്‍ത്താലിന് ഭാഗിക പ്രതികരണം. എടവനക്കാട്, ചെറായി ദേവസ്വംനട പ്രദേശങ്ങളിലെ കടകളും സ്ഥാപനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. മറ്റ് പ്രദേശങ്ങളില്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു. രാവിലെ ഹര്‍ത്താലനുകൂലികള്‍ എടവനക്കാട്, നായരമ്പലം എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കി. നായരമ്പലം വെളിയത്താംപറമ്പില്‍ റോഡ് ഉപരോധിച്ച ഏകോപന സമിതി വൈപ്പിന്‍ കണ്‍വീനര്‍ നായരമ്പലം ആനന്ദനെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈപ്പിന്‍ റൂട്ടില്‍ സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയില്ല. എന്നാല്‍, ചെറായി വഴിയുള്ള മുനമ്പം-പറവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തി. ചെറായി ദേവസ്വംനടയില്‍ ബാങ്കുകളും പെട്രോള്‍ ബങ്കുകളും അടക്കം എല്ലാ സ്ഥാപനവും ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. വൈപ്പിനിലെ ജങ്കാര്‍ സര്‍വിസ്, ഹാര്‍ബറുകള്‍ എന്നിവ പ്രവര്‍ത്തിച്ചു. രാവിലെ ചെറായി ദേവസ്വംനടയില്‍നിന്ന് എടവനക്കാട് വാച്ചാക്കല്‍ വരെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. പട്ടികജാതി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എന്‍.ആര്‍. സന്തോഷ്, അംബേദ്കര്‍ സാംസ്‌കാരിക സമിതി പ്രസിഡൻറ് ബിജു അയ്യമ്പിള്ളി, ബി.എസ്.പി നേതാവ് ആനന്ദന്‍, പട്ടികജാതി-പട്ടികവർഗ സംരക്ഷണ സമിതി ചീഫ് കോഒാഡിനേറ്റര്‍ വി.എസ്. രാധാകൃഷ്ണന്‍, മഹാത്മ അയ്യങ്കാളി സാംസ്‌കാരിക സമിതി സെക്രട്ടറി വി.ആര്‍. രാജേന്ദ്രപ്രസാദ്, ജ്യോതിവാസ് പറവൂര്‍, കെ.കെ.എസ്. ചെറായി, പ്രശോഭ്, നവാസ് എന്നിവര്‍ നേതൃത്വം നല്‍കി. വൈപ്പിനിൽ ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രകടനം പട്ടികജാതി ഭൂമിയില്‍ പൊതുശ്മശാനം അനുവദിക്കില്ല വൈപ്പിന്‍: എടവനക്കാട് മേത്ര- പട്ടികജാതി ഭൂമിയില്‍ പൊതുശ്മശാനം പണിയാന്‍ അനുവദിക്കില്ലെന്ന് പട്ടികജാതി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എന്‍.ആര്‍. സന്തോഷ്. 1948ല്‍ പട്ടികജാതി ഫണ്ടുകൊണ്ട് വാങ്ങിയതാണ് ഭൂമി. നിരവധിതവണ പട്ടികജാതി ഫണ്ടുകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ഭൂമിയിലാണ് അംബേദ്കർ പ്രതിമ സ്ഥാപിച്ചത്. ഇതാണ് എടവനക്കാട് പഞ്ചായത്ത് അധികൃതര്‍ തകര്‍ത്തതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.