കണ്ണ് നനയിച്ച് ഉള്ളി; തക്കാളിയും അടുക്കളയിൽനിന്ന് പുറത്തേക്ക്

കൊച്ചി: വിലക്കയറ്റം രൂക്ഷമായതോടെ മലയാളിയുടെ അടുക്കളയിൽനിന്ന് പച്ചക്കറികൾ പുറത്തേക്ക്. തക്കാളിക്കും ഉള്ളിക്കുമടക്കം എല്ലാ സാധനങ്ങൾക്കും റെക്കോഡ് വില വർധനയാണ്. ആഴ്ചകൾക്കുമുമ്പ് കിലോ 20 രൂപ മാത്രമുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് 80 രൂപയാണ് ചില്ലറ വില. മൊത്തവില 70 രൂപയും. സാധാരണക്കാര​െൻറ കണ്ണ് നനയിച്ചാണ് ഉള്ളി വില വർധന. ഒരാഴ്ച മുമ്പ് 115 വരെ വർധിച്ചു. നിലവിൽ 90 രൂപയായിട്ടുണ്ടെങ്കിലും ആശ്വസിക്കാവുന്ന നിരക്കല്ല. 75 രൂപയാണ് മൊത്ത വില. ബീൻസ് വില 35ൽനിന്ന് 55 രൂപയിലെത്തി. പാവക്ക 46 രൂപയിലെത്തി. മൊത്ത വിപണിയിൽ 35 രൂപയും. പയറിന് മൊത്തവില 30 രൂപ. ചില്ലറ വിപണിയിൽ 40 രൂപ. വെണ്ടക്ക വില 40 രൂപയെത്തി. പച്ചക്കറിക്കായി പ്രധാനമായും ആശ്രയിക്കുന്ന തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് കേരള വിപണിയിൽ പ്രതിഫലിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ കൊടും വരൾച്ചയോടെ നിർത്തിയ കൃഷി കർഷകർ പുനരാരംഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കർണാടകയിൽ മാത്രമാണ് ഉൽപാദനം ചെറിയ തോതിലെങ്കിലും ഉള്ളത്. വിദേശത്തേക്ക് കയറ്റുമതി െചയ്യുന്ന കമ്പനികൾ ദൗർലഭ്യം മനസ്സിലാക്കി കൂടിയ വിലക്ക് പച്ചക്കറി ശേഖരിക്കാൻ തുടങ്ങിയതും കേരളത്തിലെ വ്യാപാരികൾക്ക് തിരിച്ചടിയായി. ഇതോടെ രൂക്ഷമായ വിലക്കയറ്റം ആഴ്ചകളോളം തുടരുമെന്നാണ് വിലയിരുത്തൽ. മൂന്നു വർഷങ്ങൾക്കു മുമ്പുവരെ കുമ്പളം, മത്തൻ, പാവൽ, വെള്ളരി തുടങ്ങിയവക്കുവേണ്ടി കേരളത്തിലെ വ്യാപാരികൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ലായിരുന്നു. സംസ്ഥാനത്ത് ഇവ സുലഭമായി ഉൽപാദിപ്പിച്ചിരുന്നു. നിലവിൽ അവയുടെ ഉൽപാദനം നാലിൽ ഒന്നായി കുറഞ്ഞു. ഇതോടെ എല്ലാ സാധനങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കേരളത്തിൽ പച്ചക്കറി ഉൽപാദനം വർധിപ്പിച്ചാൽ മാത്രേമ വിലക്കയറ്റം തടഞ്ഞുനിർത്താൻ കഴിയുകയുള്ളൂവെന്ന് വെജിറ്റബിൾ മർച്ചൻറ്സ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.എച്ച്. ഷെമീർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.