ആലുവ: അധികൃതര്‍ അവഗണിച്ച റോഡിലെ മരണക്കുഴി അടച്ച് നാസര്‍ മാതൃകയായി. നഗരത്തിലെ പമ്പ് കവലയില്‍ മുനിസിപ്പല്‍ റോഡിലെ അപകടം നിറഞ്ഞ കുഴിയാണ് സാമൂഹിക പ്രവര്‍ത്തകനായ തുരുത്ത് സ്വദേശി നാസര്‍ പുളിക്കായത്ത് അടച്ചത്. തിരക്കേറിയ റോഡാണിത്. സ്വകാര്യ ടെലിഫോണ്‍ കമ്പനിയുടെ കേബിള്‍ പ്രവൃത്തിമൂലമാണ് ഇവിടെ കുഴി രൂപപ്പെട്ടത്. എന്നാല്‍, ഇത് അടക്കാനോ, കുഴിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാനോ അധികൃതര്‍ തയാറായില്ല. ഈ റോഡിന് സമീപമാണ് നഗരസഭ ഓഫിസ് സ്ഥിതിചെയ്യുന്നത്. പൊതുമരാമത്ത് അധികൃതരും ഇതുവഴി സ്ഥിരം കടന്നുപോകുന്നതാണ്. എന്നാല്‍, കുഴിയുടെ കാര്യം എല്ലാവരും കണ്ടില്ലെന്ന് നടിച്ചു. കുഴിമൂലം നിരവധി അപകടമാണ് ഇവിടെയുണ്ടായത്. മഴ തുടങ്ങിയതോടെ കുഴിയുടെ വലുപ്പവും അപകടങ്ങളുടെ എണ്ണവും വർധിച്ചു. എന്നിട്ടും ആരും നടപടിക്ക് മുതിര്‍ന്നില്ല. ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍ അപകടത്തിൽപെട്ടത്. അധികൃതര്‍ കുഴിമൂടാന്‍ തയാറാകാതായതോടെ നാസര്‍ രംഗത്തെത്തുകയായിരുന്നു. സമീപത്തെ സ്ഥാപനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതില്‍ ശേഷിച്ച സിമൻറ് കട്ടകള്‍ ഉപയോഗിച്ചാണ് അദ്ദേഹം കുഴി അടച്ചത്. ഗതാഗതക്കുരുക്ക് മൂലം ദുരിതമനുഭവിക്കുന്ന നഗരത്തില്‍ ഗതാഗത സംവിധാനം സുഗമമാക്കാന്‍ നാസര്‍ രംഗത്തെത്താറുണ്ട്. ഇദ്ദേഹത്തിെൻറ സേവനം യാത്രക്കാര്‍ക്കും ട്രാഫിക് പൊലീസിനും ഒരുപോലെ അനുഗ്രഹമാണ്. ഇക്കാര്യം മുന്‍നിര്‍ത്തി ഓസ്‌കാര്‍ ആലുവ എന്ന സംഘടന ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.