മൂവാറ്റുപുഴ: വാളകം, കല്ലൂർക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. ആറു വീടുകൾ തകർന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. വൈദ്യുതി ബന്ധം താറുമാറായി. മരം വീണ് ഗതാഗതം സ്തംഭിച്ചു. രാവിലെ ഒമ്പതുമണിയോടെ അപ്രതീക്ഷിതമായി അടിച്ചു വീശിയ കാറ്റാണ് പ്രദേശമാകെ നിലംപരിശാക്കിയത്. കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. വാളകം പഞ്ചായത്തിലെ രണ്ട്,13 വാർഡുകളിലെ വായനശാലപ്പടിയിലാണ് നാശനഷ്്ടം കൂടുതലും സംഭവിച്ചത്. ആറു വീടുകളാണ് ഇവിടെ കാറ്റിൽ മരം വീണ് തകർന്നത്. പടിക്കൽ കടവത്ത് വേലായുധൻ, പെരുന്താറമോളേൽ രവി എന്നിവരുടെ ഓടുമേഞ്ഞ വീടുകൾ പൂർണമായും തകർന്നു. കുളങ്ങരക്കുടി സന്തോഷ്, ഹരിദാസ്, സുരേഷ്, മനയത്തറ്റ് മന നാരായണൻ നമ്പൂതിരി എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവരുടെയെല്ലാം കൃഷിയിടങ്ങളിലും നാശമുണ്ടായി. തെക്കേ മറ്റപ്പിള്ളിൽ കുഞ്ഞികൃഷ്ണൻ, ബാബു, എള്ളുവാരത്തിൽ ശ്രീജിത്ത്, എടപ്പാട്ട് പ്രസാദ് എന്നിവരുടെ കൃഷിയിടങ്ങളിലും നാശം സംഭവിച്ചു. ഏക്കറുകണക്കിന് സ്ഥലത്തെ റബ്ബർ കാറ്റിൽ നശിച്ചു. ജാതി, വാഴ, തേക്ക്, പുളിമരം, മാവ് തുടങ്ങിയ മരങ്ങളും കാറ്റിൽ മറിഞ്ഞു. വാഴകൃഷിയും നിലംപൊത്തി. കാറ്റിൽ മരം വീണാണ് വൈദ്യുതി ബന്ധവും തകരാറിലായത്. നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടിവീണു. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് . രാവിലെ കല്ലൂർക്കാടും പരിസരത്തും വീശിയ ശക്തമായ കാറ്റിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏനാനല്ലൂർ, ചാത്തമറ്റം, ചാറ്റുപാറ, മണിയന്ത്രം എന്നിവിടങ്ങളിലാണ് മരം വീണത്. റബർകൃഷി നശിച്ചു. മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. കല്ലൂർക്കാട് ഫയർ ഫോഴ്സ് ജീവനക്കാർ മണിക്കൂറുകൾ പരിശ്രമിച്ചാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാർ, ലീഡിങ് ഫയർമാൻ മുഹമ്മദ് ഷാഫി, ഷൗക്കത്താലി ഫവാസ്, സ്റ്റോജൻ ബേബി, അജിത്, വിക്രമരാജ്, സുജിത് കൃഷ്ണൻ, സലിം, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.