- കാക്കനാട്: ചരക്ക് സേവന നികുതിയുടെ മറവില്‍ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി നടപടി തുടങ്ങി. നാല് ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രൊവിഷനല്‍ ഷോപ്പുകളിലും നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടല്‍ ഉള്‍പ്പെടെ 10 സ്ഥാപനങ്ങൾെക്കതിരെ നടപടിയെടുത്തു. തൊടുപുഴയില്‍ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കിയതിനാണ് ഹോട്ടലിനെതിരെ കേസെടുത്തത്. 20 രൂപയുടെ കുപ്പിവെള്ളത്തിന് 30 രൂപയാണ് ഈടാക്കിയത്. പാക്കറ്റുകളില്‍ പരമാവധി വില രേഖപ്പെടുത്താതെ സാധനങ്ങള്‍ വില്‍പന നടത്തിയതിനാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ കേസെടുത്തത്. പഴയ സ്റ്റോക്കുകള്‍ ജി.എസ്.ടി നിരക്കുകള്‍ക്ക് വിധേയമായി സെപ്റ്റംബര്‍ 30 വരെ വിൽക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പഴയ വിലയും ജി.എസ്.ടി വിലയും കാണത്തക്കവിധം പാക്കറ്റുകളില്‍ പ്രദര്‍ശിപ്പിക്കണം. പുതിയ സ്റ്റോക്കുകളില്‍ ജി.എസ്.ടി നിരക്ക് നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാര്‍ അളവുതൂക്ക സാമഗ്രികള്‍ പരിശോധനക്ക് വിധേയമാക്കി മുദ്രവെച്ചില്ലെങ്കില്‍ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കും. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. അസി. കണ്‍ട്രോളര്‍ ജയകുമാര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അനില്‍, ഇന്‍സ്‌പെക്ടര്‍മാരായ ജോബി വര്‍ഗീസ്, നിഷാദ് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.