തൃക്കാക്കരയില്‍ വ്യാജ കെട്ടിട നമ്പറുകള്‍; നടപടിക്ക് കലക്ടറുടെ നിര്‍ദേശം

കാക്കനാട്: അനധികൃത കെട്ടിട നമ്പറുകള്‍ നല്‍കിയത് പരിശോധിച്ച് നടപടിയെടുക്കാന്‍ തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് കലക്ടറുടെ നിര്‍ദേശം. റോഡ് പുറമ്പോക്ക് ഉള്‍പ്പെടെ കൈയേറി കച്ചവടാവശ്യങ്ങള്‍ക്ക് ഷെഡ് കെട്ടിയവര്‍ക്ക് കെട്ടിട നമ്പര്‍ അനുവദിച്ചതിനെതിരെ നല്‍കിയ പരാതി പരിഗണിച്ചാണ് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുടെ നിര്‍ദേശം. കെട്ടിട രജിസ്റ്ററുകള്‍ കൃത്യമായി പാലിക്കാതെയാണ് നമ്പറുകള്‍ അനുവദിക്കുന്നതെന്നാണ് ആക്ഷേപം. നിലവിൽ 43 വാര്‍ഡുകൾ ഉണ്ടെങ്കിലും അതി​െൻറ അടിസ്ഥാനത്തിലല്ല കെട്ടിട നമ്പറുകള്‍ അനുവദിക്കുന്നത്. തൃക്കാക്കര പഞ്ചായത്തായിരുന്നപ്പോൾ 14 വാർഡുകളായിരുന്നു. അതനുസരിച്ചാണ് ഇപ്പോഴും നടപടികൾ. ഇതുമൂലം അനധികൃത കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് നമ്പറുകള്‍ അനുവദിക്കുന്നത്. വന്‍കിട പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ഉള്‍പ്പെടെ വ്യാജ നമ്പറുകള്‍ നല്‍കുന്നതുവഴി നഗരസഭക്ക് കെട്ടിട നികുതിയിനത്തില്‍ വരുമാന ചോര്‍ച്ചയും ഉണ്ടാകുന്നുണ്ട്. ടി.വി സ​െൻറര്‍ ഈച്ചമുക്ക് ഭാഗത്ത് തുതിയൂര്‍ റോഡില്‍ അപകടകരമായ വളവില്‍ ഉള്‍പ്പെടെ റോഡ് കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അനുവദിച്ച നമ്പറുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യവ്യക്തി പരാതി നല്‍കിയത്. കാക്കനാട് ജങ്ഷനില്‍ അംഗപരിമിതര്‍ക്ക് ആദ്യകാലങ്ങളില്‍ ടെലിഫോണ്‍ ബൂത്തിനും മില്‍മ ബൂത്തിനും അനുവദിച്ച പെട്ടിക്കടകള്‍ മറിച്ചു വില്‍പന നല്‍കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ അനധികൃതമായി നിര്‍മിച്ച വന്‍ കെട്ടിടത്തിന് അടുത്തകാലത്ത് റെഗുലറൈസ് ചെയ്ത് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. നഗരസഭ പ്രദേശത്ത് കെട്ടിട നിര്‍മാണ നിയമം നിലവില്‍വന്ന ശേഷവും വന്‍തോതില്‍ കെട്ടിട നമ്പര്‍ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വെള്ളം, വൈദ്യുതി, റേഷന്‍ കാര്‍ഡ് ആവശ്യങ്ങള്‍ക്ക് താല്‍ക്കാലിക കെട്ടിട നമ്പറുകള്‍ മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇതി​െൻറ മറവില്‍ റോഡ് പുറമ്പോക്ക് കൈയേറി ഷെഡ് കെട്ടിയ അനധികൃത കച്ചവടക്കാര്‍ക്കും കെട്ടിട നമ്പര്‍ അനുവദിച്ചതാണ് പരാതിക്ക് ഇടയാക്കിയത്. ഇത്തരം കെട്ടിടങ്ങൾക്ക് നൽകിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.