കളമശ്ശേരി: എസ്.ഐയെ മർദിച്ചെന്ന് ആരോപിച്ച് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനം നേരിട്ട യുവാവിെൻറ നട്ടെല്ലിന് പൊട്ടൽ. യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. തിങ്കളാഴ്ച പുലർച്ച കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പുത്തൻകുരിശ് കാണിനാട് ജയരാജ് ജോസഫാണ് (28) നട്ടെല്ലിന് പൊട്ടലേറ്റ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇടപ്പള്ളി മാളിൽ സിനിമശാലക്കു സമീപം വെച്ച് ഇരുകൂട്ടർ തമ്മിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ, സ്റ്റേഷനിലെത്തിയ ജയരാജ് ജോസഫ് പൊലീസുകാരോട് തട്ടിക്കയറിയതായും ഇത് ചോദ്യം ചെയ്യുന്നതിനിടെ എസ്.ഐയെ മർദിച്ചതായുമാണ് പൊലീസ് ഭാഷ്യം. എന്നാൽ തിയറ്ററിനു മുന്നിൽ സുഹൃത്തുക്കൾക്ക് മർദനമേറ്റ സംഭവത്തിൽ രാത്രി പരാതികൊടുക്കാൻ സ്റ്റേഷനിലെത്തിയ ജയരാജിനെതിരെ മദ്യപിച്ച് സ്റ്റേഷനിലെത്തിയെന്ന് പറഞ്ഞ് പൊലീസുകാർ തട്ടിക്കയറുകയായിരുന്നുവെന്നും ഇതിനിടെയെത്തിയ എസ്.ഐ അസഭ്യംപറഞ്ഞത് ചോദ്യംചെയ്തതിനെ തുടർന്നായിരുന്നു മർദനമെന്നും യുവാവിനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. സംഭവ ദിവസം വൈകീട്ടോടെ യുവാവിനെ രണ്ടുതവണ വൈദ്യപരിശോധന നടത്തിയശേഷമാണ് കാക്കനാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. എന്നാൽ യുവാവ് പരാതി പറഞ്ഞതോടെ മജിസ്ട്രേറ്റ് വീണ്ടും പരിശോധനക്ക് നിർദേശിക്കുകയും മെഡിക്കൽ കോളജിലെത്തിക്കുകയുമായിരുന്നു. ഇതോടെെയാണ് മർദന വിവരം ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. വിദഗ്ധ പരിശോധനക്കിടെ നടത്തിയ സ്കാനിങ്ങിലാണ് നട്ടെല്ലിന് പരിക്കേറ്റതായി കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. യുവാവിന് ബുധനാഴ്ച ജാമ്യം ലഭിച്ചു. പൊലീസ് മർദനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഹോദരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.