നൂറനാട്​ െലപ്രസി സാനറ്റോറിയത്തിൽ ട്രോമകെയർ യൂനിറ്റ് ആരംഭിക്കണം

ചാരുംമൂട്:- നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ ട്രോമകെയർ യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം-തേനി ദേശീയപാതയും സംസ്ഥാനപാതയായ കായംകുളം-പുനലൂർ റോഡും സാനറ്റോറിയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. ഈ റോഡുകളിൽ നിത്യവും അപകടം സംഭവിക്കാറുണ്ട്. എന്നാൽ, അപകടത്തിൽ പരിക്കേൽക്കുന്നവരെ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രികളിലോ ട്രോമകെയർ സംവിധാനമുള്ള കോട്ടയത്തോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുന്നത് പതിവാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയിൽ ട്രോമകെയർ യൂനിറ്റ് സ്ഥാപിച്ചാൽ ഈ പ്രദേശത്തുണ്ടാകുന്ന അപകടങ്ങളിൽ പെടുന്നവരെ പെട്ടെന്ന് എത്തിച്ച് ചികിത്സ നൽകാൻ കഴിയും. ട്രോമകെയർ യൂനിറ്റ് ആരംഭിക്കുമ്പോൾ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കൂടുതൽ തസ്തികകളും മറ്റുസംവിധാനങ്ങളും ആവശ്യമാണ്. ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സൂപ്പർ സ്പെഷാലിറ്റിയായി ഉയർത്താൻ സർക്കാർ തലത്തിൽ തീരുമാനമായതായി അധികൃതർ പറയുന്നു. സാനറ്റോറിയത്തിൽ 40 കോടി രൂപ മുടക്കി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്താനുള്ള നടപടി പൂർത്തിയായതായി ആർ. രാജേഷ് എം.എൽ.എ പറയുന്നു. ഒന്നാംഘട്ടത്തിൽ 23.5 കോടി മുടക്കി അഞ്ച് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ 16.5 കോടി ചെലവഴിച്ച് ബാക്കി നിർമാണപ്രവർത്തനംകൂടി നടത്തുമെന്നാണ് എം.എൽ.എ അറിയിച്ചിട്ടുള്ളത്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുമ്പോൾ ട്രോമകെയർ യൂനിറ്റുകൂടി ഉൾപ്പെടുത്താനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.