ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക്​ നിർബന്ധിത സ്ഥലം മാറ്റമെന്ന്​; ഉത്തരവ്​ വിവാദത്തിൽ

കൊച്ചി: സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് വിവാദത്തിൽ. ഭരണാനുകൂല സംഘടനയിൽപ്പെട്ടവരെ പ്രധാന സ്കൂളുകളിൽ പ്രതിഷ്ഠിക്കുന്നതിന് വനിതകളടക്കമുള്ളവരെ വിദൂരസ്ഥലങ്ങളിലേക്ക് നിർബന്ധിതമായി മാറ്റിയതായി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ, ജന.സെക്രട്ടറി ഡോ. സാബുജി വർഗീസ് എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു. സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ ആവശ്യപ്പെടുന്നവർക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം നൽകുകയാണ് പതിവ്. എന്നാൽ, മിക്ക ജില്ലകളിലും ഭരണാനുകൂല സംഘടനയിൽപ്പെട്ടവരെ തിരുകിക്കയറ്റുന്നതിനും ഹൈസ്കൂളിൽനിന്ന് സ്ഥാനക്കയറ്റം നേടി പ്രിൻസിപ്പൽമാരായി വന്നവരെയും നിയമിക്കുന്നതിനാണ് നിർബന്ധിത സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം നഗരത്തിലെ മണക്കാട് ഉൾെപ്പടെ പ്രധാന സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരെ ഇത്തരത്തിൽ മാറ്റി. ശാരീരിക അസ്വാസ്ഥ്യമുള്ളവരെ വരെ മാറ്റിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ വനിത പ്രിൻസിപ്പലിനെ നിലവിൽ ആ അധ്യാപികയുടെ വിഷയത്തിൽ തസ്തിക ഇല്ലാത്തിടത്തേക്കാണ് മാറ്റിയത്. അഞ്ചിലധികം തസ്തികകൾ സമീപ പ്രദേശങ്ങളിൽ ഒഴിഞ്ഞുകിടക്കുന്നത് പരിഗണിക്കാതെയാണ് ആവശ്യപ്പെടാത്ത സ്കൂളിലേക്ക് ഈ നിർബന്ധിത മാറ്റം. മലപ്പുറം ജില്ലയിൽ നിലവിൽ പ്രിൻസിപ്പലല്ലാത്ത അധ്യാപികയെ തൊട്ടടുത്ത സ്കൂളിലേക്ക് പ്രിൻസിപ്പലായി മാറ്റി. എറണാകുളം ജില്ലയിൽ ഒൻപതു വർഷം പ്രിൻസിപ്പലായി ജോലി ചെയ്ത് സ്വന്തം ജില്ലയായ കൊല്ലത്തേക്ക് മാറ്റത്തിന് അപേക്ഷിച്ചിട്ടും നൽകാത്ത സംഭവവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.