വിദ്യാലയങ്ങൾക്കു സമീപത്തെ ജീർണിച്ച കെട്ടിടം ഭാഗികമായി തകർന്നു

മട്ടാഞ്ചേരി: ഗുജറാത്തി റോഡിലെ ജീർണിച്ച കെട്ടിടത്തി​െൻറ ഒരു ഭാഗം റോഡിലേക്ക് തകർന്നുവീണു. റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരും അപകടത്തിൽപെട്ടില്ല. ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂളിനും ശ്രീ ഗുജറാത്തി വിദ്യാലയത്തിനും മധ്യഭാഗത്തായി നഴ്സറി സ്കൂളിനു മുൻവശത്ത് ദാസ് കോമ്പൗണ്ടിലാണ് കെട്ടിടം. കെട്ടിടം പുനർനിർമാണത്തിനായി പൊളിച്ചെങ്കിലും തെക്കുഭാഗം പൊളിക്കുന്നത് സംബന്ധിച്ച് തർക്കം ഉയർന്നിരുന്നു. ഇതോടെ ഒരു ഭാഗം പൊളിച്ചുമാറ്റിയില്ല. തർക്കം കോടതിയുടെ പരിഗണനയിലാണ്. കേസ് വർഷങ്ങൾ നീണ്ടതോടെ കെട്ടിടത്തി​െൻറ ജീർണത വർധിച്ച് ഇപ്പോൾ തകർച്ച ഭീഷണിയിലായിരിക്കുകയാണ്. സമീപത്ത് മൂന്നു വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് കണക്കിലെടുത്ത് ഏതു സമയവും നിലംപൊത്താവുന്ന കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകർ ഒപ്പുശേഖരണം നടത്തി അധികൃതർക്ക് നൽകിയിരുന്നു. തുടർന്ന് ഫോർട്ട്കൊച്ചി ആർ.ഡി.ഒ സ്ഥലം സന്ദർശിച്ച് അപകടാവസ്ഥ മനസ്സിലാക്കിയെങ്കിലും കോടതിയുടെ പരിഗണനയിലിരിക്കുന്ന തർക്കവസ്തു ആയതിനാൽ തുടർനടപടി ഉണ്ടായില്ല. ഏറെ തിരക്കേറിയ റോഡിലാണ് കെട്ടിടം. മൂന്നു വിദ്യാലയങ്ങളിൽ നിന്നായി ആയിരക്കണക്കിന്ന് വിദ്യാർഥികൾ കടന്നുപോകുന്നത് ഈ കെട്ടിടത്തിനു സമീപത്തുകൂടിയാണ്. മഴ കനത്തതോടെ സമീപത്തെ നഴ്‌സറി വിദ്യാർഥികൾ 'ഞങ്ങളുടെ ജീവന് സുരക്ഷ തരൂ' എന്ന പ്ലക്കാർഡുകളുമായി രംഗത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.