കോതമംഗലത്ത് പ്ളാസ്റ്റിക് നിരോധനം; മാര്‍ഗരേഖയായി

കോതമംഗലം: നഗരസഭ പരിധിയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗുകളുടെ നിരോധനം സംബന്ധിച്ച മാര്‍ഗരേഖയായി. ഫെബ്രുവരി ഒന്നുമുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും. പ്രതിമാസം 4000 രൂപ അടച്ച് മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ 50 മൈക്രോണിന് മുകളിലുള്ള കാരിബാഗുകള്‍ ഉപയോഗിക്കാന്‍ കഴിയൂ. ആശുപത്രികള്‍, ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവ സ്വന്തമായി മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ലൈസന്‍സ് പുതുക്കിനല്‍കൂ. പ്ളാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് മാത്രമേ സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിക്കൂ. പ്ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിസഞ്ചികളും കടലാസ് കാരിബാഗുകളും ഉപഭോക്താക്കള്‍ക്ക് നല്‍കണം. നഗരസഭ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടത്തെി നിയമനടപടി സ്വീകരിക്കുന്നതിന് ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തിക്കും. പ്ളാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി വ്യാപാരസ്ഥാപന ഉടമകള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല നഗരസഭ ചെയര്‍പേഴ്സന്‍ മഞ്ജു സിജു ഉദ്ഘാടനം ചെയ്തു. ഉപസമിതി അധ്യക്ഷ ടീന മാത്യു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജാന്‍സി മാത്യു, കെ.എ.നൗഷാദ്, കെ.വി.തോമസ്, ഭാനുമതി രാജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബു പോള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.