മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലേക്ക് സി.പി.എം മാര്‍ച്ച്

മാവേലിക്കര: കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന മാവേലിക്കര സഹകരണ ബാങ്ക് ശാഖയിലെ എല്ലാ ഇടപാടുകളും വിജിലന്‍സ് അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരണമെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തഴക്കര ശാഖയില്‍ നടന്ന വന്‍ ക്രമക്കേട് സഹകരണമേഖലക്ക് ദുഷ്പേര് ഉണ്ടാക്കിയ സാഹചര്യത്തില്‍ പണാപഹരണം നടത്തിയവരെയും കൂട്ടുനിന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബാങ്ക് ഭരണസമിതി പിരിച്ചുവിടുക, വിജിലന്‍സിനെക്കൊണ്ട് അന്വേഷണം നടത്തിക്കുക, ബാങ്കിന്‍െറ എല്ലാ ശാഖകളിലും പരിശോധന നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏരിയ കമ്മിറ്റി ബാങ്കിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പത്തു വര്‍ഷത്തിലധികമായി താലൂക്ക് സഹകരണ ബാങ്കില്‍ നടന്നുവന്നിരുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചും അന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പുറത്തുവന്നത് 29 കോടി രൂപയുടെ ക്രമക്കേടാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. തലനാരിഴ കീറിയുള്ള പരിശോധനതന്നെയുണ്ടാവണം. ഇത്രയും കാലം അഴിമതി നടന്നിട്ടും ഉദ്യോഗസ്ഥരും ബാങ്ക് സെക്രട്ടറിയും അറിഞ്ഞില്ളെന്ന് പറയുന്നത് പച്ചക്കള്ളമാണ്. നിക്ഷേപകര്‍ക്ക് ചില്ലിക്കാശുപോലും നഷ്ടമാകാന്‍ സാഹചര്യമുണ്ടാവരുത്. കോണ്‍ഗ്രസ് ഭരണസമിതിതന്നെയാണ് അഴിമതിക്ക് നേതൃത്വം നല്‍കിയത്. അനധികൃത വായ്പകളും നിക്ഷേപകരുടെ രേഖകളും പരിശോധിക്കണം. ഭരണസമിതിയിലെ ചിലര്‍ ലക്ഷങ്ങള്‍ ബാങ്കിന് നല്‍കാനുണ്ടായിട്ടും ഡയറക്ടര്‍ ബോര്‍ഡില്‍ തുടരുകയാണ്. ഇവരെ ഒഴിവാക്കി ഭരണസമിതി പിരിച്ചുവിടണം. ബി.ജെ.പിയും ആര്‍.എസ്.എസും സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോടികളുടെ ക്രമക്കേട് നടത്തിയത് സഹകരണ രംഗത്തിന് അപമാനമാണെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ല കമ്മിറ്റി അംഗം മുരളി തഴക്കര അധ്യക്ഷത വഹിച്ചു. ആര്‍. രാജേഷ് എം.എല്‍.എ, അഡ്വ. ജി. ഹരിശങ്കര്‍, കോശി അലക്സ്, ജി. അജയകുമാര്‍, പി.കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.