ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി –കലക്ടര്‍

ആലപ്പുഴ: ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ ഓരുമുട്ടുകളും സ്ഥാപിക്കാനും സ്ഥാപിച്ചിട്ടുള്ളതില്‍ മണ്ണ്, ചളി നിറക്കുന്നതിനും ഉടന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ വീണ എന്‍. മാധവന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. കായംകുളം താപനിലയം (എന്‍.ടി.പി.സി) ഓരുമുട്ടുകള്‍ സ്ഥാപിക്കാറുള്ള പുത്തനാറ്, മുട്ടം എന്നിവിടങ്ങളില്‍ അടിയന്തരമായി ഓരുമുട്ടുകള്‍ സ്ഥാപിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. എന്‍.ടി.പി.സി മുട്ടത്തുള്ള ഓരുമുട്ട് സ്ഥാപിച്ചതായി അറിയിച്ചു. ഗ്രാമപഞ്ചായത്തിന്‍െറയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ പുത്തനാറില്‍ ഓരുമുട്ട് സ്ഥാപിക്കുന്നതിന് തയാറാണെങ്കില്‍ അത് പരിശോധിച്ച് മേലധികാരികളില്‍നിന്ന് അനുമതി വാങ്ങി ഓരുമുട്ട് സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിച്ചുകൊള്ളാമെന്നും എന്‍.ടി.പി.സി വ്യക്തമാക്കി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പുളിക്കിയിലുള്ള ഓരുമുട്ട് ഇറിഗേഷന്‍ വകുപ്പ് അടിയന്തരമായി സ്ഥാപിക്കും. ചെങ്ങന്നൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍െറ കീഴില്‍ 17 വര്‍ക്കുകളിലായി 45 ഓരുമുട്ടുകള്‍ സ്ഥാപിക്കാനുണ്ടെന്നും അതില്‍ ഒമ്പതെണ്ണം പൂര്‍ത്തീകരിച്ചെന്നും അഞ്ചിടത്ത് ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. മൂന്ന് ജോലികളുടെ ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുന്നു. പുളിക്കിയില്‍ ഓരുമുട്ട് സ്ഥാപിക്കുന്നതിനാവശ്യമായ മണ്ണിന്‍െറ ലഭ്യതക്കുറവുമൂലം പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ളെന്നും അത് അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നും മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. പുളിക്കിയിലുള്ള ബണ്ടിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. പുത്തനാറില്‍ ഓരുമുട്ട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ടി.പി.സിക്ക് കത്ത് നല്‍കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.