ഇഷ്ടിക വ്യവസായം പ്രതിസന്ധിയിലേക്ക്; തൊഴില്‍രഹിതരുടെ എണ്ണം കൂടുന്നു

ചെങ്ങന്നൂര്‍: ജില്ലയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ വലിയൊരു ജനവിഭാഗം ആശ്രയിച്ചുവന്ന ഇഷ്ടിക വ്യവസായം രൂക്ഷ പ്രതിസന്ധിയിലേക്ക്. അസംസ്കൃത വസ്തുക്കളുടെ അഭാവവും നിര്‍മാണമേഖലയില്‍ ഉണ്ടായ സ്തംഭനാവസ്ഥയുമാണ് കാരണം. പരമ്പരാഗതമായി ഇഷ്ടിക വ്യവസായം ചെയ്യുന്ന വ്യക്തികളും കുടുംബങ്ങളുമാണ് ഇതുമൂലം പ്രയാസം അനുഭവിക്കുന്നത്. ബുധനൂര്‍, മാന്നാര്‍ പഞ്ചായത്തുകളിലാണ് ചെങ്ങന്നൂര്‍ താലൂക്കില്‍ ഇഷ്ടിക വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്. നാടിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നാണ് ഇഷ്ടിക കൊണ്ടുപോയിരുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തടിയില്‍ തീര്‍ത്ത പ്രത്യേകതരം അച്ചിലാണ് ഇഷ്ടിക നിര്‍മിച്ചിരുന്നത്. ആവശ്യത്തിന് ചളിയും ഇതിന് ലഭിച്ചിരുന്നു. താലൂക്കിന്‍െറ മറ്റുപഞ്ചായത്തുകളിലും വ്യവസായം ക്രമേണ ഉണ്ടാവുകയും അസംസ്കൃത വസ്തുക്കളുടെ ആവശ്യം വര്‍ധിക്കുകയും ചെയ്തു. യന്ത്രവത്കരണം വന്നതോടെ ഇഷ്ടിക ഉല്‍പാദനം കൂടി. എന്നാല്‍, അതിനനുസരിച്ച് ചളി ഖനനംചെയ്ത് എടുക്കാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായി. ഇഷ്ടിക വ്യവസായത്തിന് ചളി ഖനനം ചെയ്തെടുത്തതുമൂലം വ്യാപക പരിസ്ഥിതി പ്രത്യാഘാതവും ഈ ഭാഗത്ത് ഉണ്ടായി. ചെങ്ങന്നൂര്‍ താലൂക്കില്‍ പാടശേഖരങ്ങള്‍ ചളിയെടുത്ത് കുഴികളായപ്പോള്‍ അതുമൂലം ഉണ്ടായ അപകടങ്ങളും വര്‍ധിച്ചു. ഇഷ്ടിക നിര്‍മാണം യന്ത്രവത്കരണ സംവിധാനത്തില്‍ ശക്തമായപ്പോള്‍ തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടായി. എന്നാല്‍, ഇഷ്ടിക ഉണ്ടാക്കുന്നതിനുള്ള മണ്ണിനും ചളിക്കും രൂക്ഷ ക്ഷാമമായതിനാല്‍ എങ്ങനെ ഈ തൊഴില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യമാണ് ഉയര്‍ന്നിട്ടുള്ളത്. നിരവധി യൂനിറ്റുകള്‍ അടച്ചുപൂട്ടപ്പെടുകയോ നിര്‍ജീവമാവുകയോ ചെയ്തിട്ടുണ്ട്. അടുത്തകാലത്തായി ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ രംഗത്ത് പണിയെടുക്കുന്നത്. പാടശേഖരങ്ങളെ ഗര്‍ത്തങ്ങളാക്കി മാറ്റാതെതന്നെ വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. അല്ളെങ്കില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്ന് ഉടമകള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.