നോട്ട് നിരോധനം മൂലം രാജ്യത്തിന് മൂന്നരലക്ഷം കോടിയുടെ നഷ്ടം –മന്ത്രി തോമസ് ഐസക്

മൂവാറ്റുപുഴ: നോട്ട് നിരോധനം മൂലം മൂന്നരലക്ഷം കോടിയുടെ ദേശീയ നഷ്ടം ഉണ്ടാക്കാനെ കഴിഞ്ഞിട്ടുള്ളൂവെന്ന് ധനമന്ത്രി തോമസ് ഐസക്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായി ‘നോട്ടിന്‍െറ രാഷ്ട്രീയവും സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികളും’ വിഷയത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന്‍െറ പ്രത്യാഘാതം രാജ്യത്ത് വരാനിരിക്കുന്നതെയുള്ളൂ. രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചനിരക്ക് 7.6 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി കുറയാന്‍ പോവുകയാണ്. നോട്ട് നിരോധനത്തിന് രാജ്യത്തിന്‍െറ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിക്കാന്‍ മാത്രമെ കഴിഞ്ഞുള്ളൂവെന്നും തോമസ് ഐസക് പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം പിടികൂടാനെന്നപേരില്‍ നോട്ട് നിരോധനത്തിന്‍െറ ആവശ്യമില്ല. നോട്ട് നിരോധനത്തിലൂടെ വിദേശത്തുനിന്നുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്‍െറ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ കേരളത്തെയാണ് ബാധിക്കുന്നത്. കേരളത്തിന്‍െറ സാമ്പത്തിക മേഖലയിലെ ജീവനാഡി സഹകരണ മേഖലയാണ്. ഇന്ത്യയിലെ സഹകരണ മേഖലയില്‍ 70ശതമാനവും കേരളത്തിലാണ്. ബാങ്കുകളുടെ സംരക്ഷകരാകേണ്ട റിസര്‍വ് ബാങ്ക് കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ജനങ്ങളുടെ വേദനയും നാടിന്‍െറ പ്രശ്നങ്ങളും അറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും തന്‍െറ വാചകമടിയില്‍ ഇനിയും ജനങ്ങളെ പറ്റിച്ച് മുന്നോട്ടുപോകാന്‍ മോദിക്ക് കഴിയില്ളെന്നും തോമസ് ഐസക് പറഞ്ഞു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു, എസ്. സതീഷ്, കെ.എസ്. അരുണ്‍ കുമാര്‍, പ്രിന്‍സി കുര്യാക്കോസ്, പി.ബി. രതീഷ്, മാത്യു കുഴല്‍നാടന്‍, സജി ജോര്‍ജ്, ആര്‍. രാകേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.