ജില്ല പഞ്ചായത്തില്‍ നേതാക്കളുടെ ‘അഡ്ജസ്റ്റ്മെന്‍റ്’ രാജി

കൊച്ചി: ജില്ല പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ നിലനിര്‍ത്താന്‍ ഭരണ, പ്രതിപക്ഷ നേതാക്കളുടെ അഡ്ജസ്റ്റ്മെന്‍റ് രാജി. യു.ഡി.എഫിലെ മുസ്ലിം ലീഗ് അംഗം റസിയ റഹ്മത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും സി.പി.എമ്മിലെ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. ഷൈല ക്ഷേമ കാര്യ സ്ഥിരം സമിതിയിലെ അംഗത്വവുമാണ് രാജിവെച്ചത്. ഒരംഗത്തെ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നിലനിര്‍ത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ലീഗ് അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന ക്ഷേമകാര്യ സമിതി അധ്യക്ഷ റസിയ റഹ്മത്തിനെ രാജിവെപ്പിച്ച് ജില്ല പ്ളാനിങ് കമ്മിറ്റിയില്‍ അംഗമാക്കാന്‍ തീരുമാനിച്ചത്. ഒഴിവുള്ള ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ അധ്യക്ഷ സ്ഥാനം ഉറപ്പാക്കിയാണ് സി.പി.എമ്മിലെ പി.എസ്. ഷൈലയുടെ രാജി. ഭൂതത്താന്‍കെട്ട് ഡിവിഷനില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം എം.എം. അബ്ദുല്‍ കരീമിനെ കോടതി അയോഗ്യനാക്കിയ സാഹചര്യത്തിലാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ കയറി കൂടാനും നിലനിര്‍ത്താനും മുന്നണി നേതാക്കളുടെ ശ്രമം. പൊതുമരാമത്ത് സ്ഥിരം സമിതി അംഗമായിരുന്നു അബ്ദുല്‍ കരീം. കോണ്‍ഗ്രസ് അംഗത്തെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് സി.പി.എമ്മിലെ കെ.എം.പരീത് ഡിസംബര്‍ 14ന് ചുമതല ഏറ്റിരുന്നു. സി.പി.എമ്മിന് ഒരംഗത്തെ കൂടി കിട്ടിയതോടെ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായി. പൊതുമരാമത്ത് സമിതിയില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട് എന്നായിരുന്നു അംഗബലം. കെ.എം.പരീത് വന്നതോടെ എല്‍.ഡി.എഫ് മൂന്ന്, യു.ഡി.എഫ് രണ്ട് എന്നാകും. എല്‍.ഡി.എഫ് പൊതുമരാമത്ത് ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ലീഗിന്‍െറ ക്ഷേമകാര്യ അധ്യക്ഷ സ്ഥാനം കൈവിട്ട് പൊതുമരാമത്ത് അധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കരുക്കള്‍ നീക്കിയത്. യു.ഡി.എഫില്‍ ഓരോ അംഗങ്ങള്‍ വീതമുള്ള മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രണ്ടര വര്‍ഷം വീതം നല്‍കാന്‍ ധാരണയുണ്ടത്രേ. സമിതി അധ്യക്ഷ സ്ഥാനത്ത് ഒന്നര വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് റസിയ റഹ്മത്തിനെ ജില്ല പ്ളാനിങ് കമ്മിറ്റിയംഗമാക്കാമെന്നാണ് വാഗ്ദാനം. കാലാവധി പൂര്‍ത്തിയാകുന്നതുവരെ അവര്‍ക്ക് ഈ പദവിയില്‍ ഭീഷണിയില്ലാതെ തുടരാനാകും. അബ്ദുല്‍ കരീമായിരുന്നു നേരത്തേ ഡി.പി.സി അംഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.