വയോധികയെ ആശുപത്രിയില്‍നിന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ചു

കോലഞ്ചേരി: ജനപ്രതിനിധികളും പൊലീസും ചേര്‍ന്ന് ആശുപത്രിയിലാക്കിയ വൃദ്ധയെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായി ആക്ഷേപം. കോലഞ്ചേരി പുന്നക്കല്‍ വലിയവീട്ടില്‍ ശോശാമ്മയെയാണ് (70) പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി സാജു, വാര്‍ഡ് അംഗം പോള്‍ വെട്ടിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ വ്യാഴാഴ്ച രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിച്ച് താമസിച്ച ഇവരുടെ കാലുകള്‍ നീരുവന്ന് പൊട്ടിയൊലിക്കുന്ന നിലയിലായിരുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ അഞ്ചേക്കര്‍ ഭൂമിയില്‍ ഏതുസമയം ഇടിഞ്ഞുവീഴാവുന്നതാണ് ഇവരുടെ വീട്. 13വര്‍ഷമായി ഈ വീട്ടില്‍ ശോശാമ്മ തനിച്ചാണ് താമസം. കാലില്‍ നീരുകയറി എഴുന്നേറ്റുനടക്കാന്‍ വയ്യാത്ത അവസ്ഥയിലാണിവര്‍. ഭക്ഷണം പാകംചെയ്യാന്‍ വയ്യാതായതോടെ പലപ്പോഴും പച്ചവെള്ളം കുടിച്ചും മല്ലിപോലുളള സാധനങ്ങള്‍ തിന്നുമാണ് ജീവിതം തളളിനീക്കിയത്. കാടുകയറിയ വീട്ടില്‍ ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും ശല്യവുമുണ്ട്. മഴപെയ്താല്‍ വീട്ടിനകത്ത് വെള്ളം നിറയും. നടക്കാന്‍ വയ്യാത്തതിനാല്‍ കുടചൂടിയിരുന്ന് മഴയില്‍നിന്ന് രക്ഷതേടും. ഓടിന് മുകളിലൂടെ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. നോക്കാന്‍ ആളില്ലാതായതോടെ സ്ഥലത്തുണ്ടാകുന്ന തേങ്ങയടക്കം ഫലങ്ങള്‍ ആളുകള്‍ കൊണ്ടുപോവുകയാണ്. സ്ഥലത്തിന് മാത്രം കോടികള്‍ വിലവരും. സ്ഥലം എഴുതിവാങ്ങാന്‍ പ്രലോഭനങ്ങളുമായി പലരുമത്തെിയെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇവരുടെ കഥ കഴിഞ്ഞ ഒക്ടോബര്‍ 24ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ദിവസവും പൊലീസ് വീട്ടിലത്തെി കാര്യങ്ങള്‍ തിരക്കി മടങ്ങിയിരുന്നു. ഇതിനിടെയാണ് കാലിലെ നീരുപൊട്ടി അവശയായത്. ആശുപത്രിയില്‍നിന്ന് വൃദ്ധയുടെ ബന്ധുക്കള്‍ ബലം പ്രയോഗിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നെന്നാണ് ആക്ഷേപം ഉയര്‍ന്നത്. വീടിന്‍െറ താക്കോല്‍ സൂക്ഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ അപമര്യാദയായി പെരുമാറിയതായും പറയുന്നുണ്ട്. ഇതേസമയം, വൃദ്ധയുടെ താല്‍പര്യപ്രകാരമാണ് തങ്ങള്‍ കൊണ്ടുവന്നതെന്നാണ് ബന്ധുക്കളുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.