കോതമംഗലം താലൂക്ക് ആശുപത്രി: സര്‍ജനെ നിയമിച്ചതായി എം.എല്‍.എ

കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ ആറുവര്‍ഷത്തോളമായി ഒഴിഞ്ഞുകിടന്ന ജനറല്‍ സര്‍ജന്‍െറ രണ്ടാമത്തെ ഒഴിവിലും ഡോക്ടറെ നിയമിച്ചതായി ആന്‍റണി ജോണ്‍ എം.എല്‍.എ. ഡോക്ടര്‍ ആഭയാണ് പുതുതായി ചാര്‍ജെടുത്തത്. പുതിയ ഓപറേഷന്‍ തിയറ്റര്‍ കോംപ്ളക്സ് പ്രവര്‍ത്തനം തുടങ്ങിയതോടൊപ്പം രണ്ട് സര്‍ജന്‍മാര്‍കൂടി എത്തിയതോടെ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി. വര്‍ഷങ്ങളായി ഒഴിഞ്ഞുകിടന്ന ത്വഗ്രോഗം, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ഗൈനക്കോളജി, നേത്രരോഗം, കുട്ടികളുടെ വിഭാഗം കാഷ്വല്‍റ്റി എന്നിവിടങ്ങളിലായി എട്ടോളം ഡോക്ടര്‍മാരെ താലൂക്ക് ആശുപത്രിയില്‍ നിയമിച്ചു. അത്യാഹിത വിഭാഗത്തില്‍ സേവനം കാര്യക്ഷമമാക്കുന്നതിന് എട്ടോളം നഴ്സുമാരെ പുതുതായി നിയമിക്കുകയും ചെയ്തു. ലാബ് ടെക്നീഷ്യന്‍െറ പുതുതായി അനുവദിച്ച രണ്ട് തസ്തികയില്‍ പി.എസ്.സി വഴി നിയമനം നടക്കുന്നതോടെ ലാബ് പ്രവര്‍ത്തനം 24 മണിക്കൂറാക്കുമെന്നും എം.എല്‍.എ അറിയിച്ചു. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ ദിനവും ആശ്രയിക്കുന്ന ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിന് സമഗ്ര പദ്ധതി തയാറാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.