മെട്രോ നിയമനം; വനിതകള്‍ക്ക് ഭാഗ്യപരീക്ഷ

കാക്കനാട്: കൊച്ചി മെട്രോ ഫെസിലിറ്റിറ്റേഷന്‍ മാനേജ്മെന്‍റ് തസ്തികകളിലേക്ക് ഞായറാഴ്ച എഴുത്തുപരീക്ഷ നടത്തി. കൊച്ചി നഗരത്തിലെയും സമീപ മുനിസിപ്പല്‍ പ്രദേശങ്ങളിലെയും പരീക്ഷ കേന്ദ്രങ്ങളെ അപേക്ഷിച്ച് പഞ്ചായത്ത് പരിധികളില്‍ പരീക്ഷക്കത്തെിയവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. മെട്രോയില്‍ തൊഴിലിനായി കുടുംബശ്രീ മിഷന്‍ രാവിലെ നടത്തിയ എഴുത്തുപരീക്ഷയിലെ കാറ്റഗറി ഒന്ന് ഗാര്‍ഡനിങ്, പാര്‍ക്കിങ്, കാന്‍റീന്‍, ഹൗസ്കീപ്പിങ് തസ്തികളില്‍ എട്ടുമുതല്‍ പത്തുവരെ യോഗ്യതയുള്ളവര്‍ക്കായിരുന്നു. പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് പരീക്ഷയുടെ നിലവാരത്തില്‍ 100 മാര്‍ക്കിന്‍െറ എഴുത്തുപരീക്ഷ മലയാളത്തിലായത് പരീക്ഷാര്‍ഥികള്‍ക്ക് ആശ്വാസമായി. സ്കൂള്‍ ജീവത്തിന് ശേഷം ആദ്യമായി പരീക്ഷയെ അഭിമുഖീകരിക്കുന്നവരായിരുന്നു സ്ത്രീകളില്‍ ഏറെയും. കൈ കുഞ്ഞുങ്ങളുമായും മുതിര്‍ന്ന കുട്ടികളുമായാണ് അമ്മമാരില്‍ പലരും പരീക്ഷക്കത്തെിയത്. മുതിര്‍ന്ന കുട്ടികള്‍ അമ്മമാര്‍ക്ക് പരീക്ഷയുടെ ബാലപാഠം പകര്‍ന്നുനല്‍കി. ആകാംഷയും ആശങ്കയുമായിരുന്നു പലരുടെയും മുഖത്ത്. രണ്ട് മണിക്കൂര്‍ നീണ്ട പരീക്ഷക്കുശേഷം ആശ്വാസത്തോടെയായിരുന്നു തിരിച്ചുപോക്ക്. കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസില്‍ അപേക്ഷ നല്‍കിയതുമുതല്‍ കൊച്ചി മെട്രോയില്‍ കയറിപ്പറ്റാനുള്ള തത്രപ്പാടിലായിരുന്നു വീട്ടമ്മമാര്‍. മെട്രോയില്‍ ഒരു ജോലി അഭിമാനമായി മാറിയതോടെ കുടുംബശ്രീ ജില്ല മിഷന്‍ അധികൃതരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു അപേക്ഷകരുടെ ഒഴുക്ക്. അപേക്ഷകരുടെ എണ്ണം 40,700 എത്തിയതോടെ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി കഴിവും പ്രാപ്തിയും ഉള്ളവരെ തെരഞ്ഞെടുക്കാന്‍ പരീക്ഷ നടത്തുകയായിരുന്നു. കൃത്യസമയത്ത് ലഭിക്കാത്തതും അപൂര്‍ണമായി രേഖപ്പെടുത്തിയതും മതിയായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ നിരസിച്ചിട്ടും എണ്ണം കുറഞ്ഞില്ല. ജില്ലയിലെ 100 പരീക്ഷ കേന്ദ്രങ്ങളിലായി കുടുംബശ്രീകളില്‍ അംഗങ്ങളായ 38,000 വനിതകള്‍ക്കാണ് പരീക്ഷ നടത്തിയത്. ഉച്ചക്ക് ശേഷം പ്ളസ് ടു, ഡിഗ്രി യോഗ്യതയുള്ളവരുടെ തസ്തകളിലേക്ക് നടത്തിയ പരീക്ഷയുടെ രൂപവും ഭാവവും മാറി. മത്സരപ്പരീക്ഷയില്‍ പയറ്റിയവരായിരുന്നു പരീക്ഷക്കത്തെിയവരില്‍ ഭൂരിപക്ഷവും. സാധാരണ കുടുംബശ്രീ സ്ത്രീകള്‍ക്ക് കടുകട്ടിയായിരുന്നു ഉച്ചക്കുശേഷം നടത്തിയ പരീക്ഷ. കണക്കും ഇംഗ്ളീഷ് നൈപുണ്യവും പരീക്ഷിക്കുന്നതായിരുന്നു ചോദ്യങ്ങള്‍. മെട്രോയില്‍ യാത്രക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിയുവള്ളവരെ കണ്ടത്തെി നിയമിക്കുകയാണ് പി.എസ്.സി നിലവാരത്തിലുള്ള പരീക്ഷ നടത്തുകവഴി ലക്ഷ്യമിടുന്നത്. 760 തസ്തികളിലാണ് നിയമനം. ഗാര്‍ഡനിങ്, പാര്‍ക്കിങ്, കാന്‍റീന്‍, ഹൗസ്കീപ്പിങ് വിഭാഗങ്ങളിലാണ് കുടുതല്‍ ഒഴിവുകള്‍. മാര്‍ച്ച് 31നകം പരീക്ഷയും അഭിമുഖവും നടത്തി നിയമനം നടത്താനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.