കൃഷിഭൂമിയിലെ വന്യമൃഗശല്യം സംഘടിതമായി പ്രതിരോധിക്കും –കര്‍ഷക കൂട്ടായ്മ

മൂവാറ്റുപുഴ: കൃഷിഭൂമിയില്‍ രൂക്ഷമാകുന്ന വന്യമൃഗശല്യം സംഘടിതമായി പ്രതിരോധിക്കാന്‍ കര്‍ഷക കൂട്ടായ്മ തീരുമാനം. മൂവാറ്റുപുഴയില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത യോഗത്തിലെടുത്ത തീരുമാനം ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കലാണ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. വന്യമൃഗങ്ങളുടെ ശല്യം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സാഹചര്യമുണ്ട്. പച്ചക്കറി, കിഴങ്ങ്, പഴവര്‍ഗങ്ങള്‍ കൃഷിചെയ്യാനാകുന്നില്ല. പലരും കൃഷി ഉപേക്ഷിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലം തരിശുകിടക്കുകയാണ്. കൃഷിക്കും ഭൂമിക്കും സര്‍ക്കാര്‍ പരിരക്ഷ ഉറപ്പാക്കണം. സത്വര പരിഹാരമുണ്ടായില്ളെങ്കില്‍ നടപടി സ്വീകരിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണം മാത്രം പരിഗണിക്കുന്ന നിയമം പൊളിച്ചെഴുതണം. കൃഷിനശിപ്പിച്ചാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണം. വനം സ്വാഭാവിക വനമേഖലയായി നിലനിര്‍ത്തണം. വനഭൂമി കുത്തക കമ്പനികള്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത് അവസാനിപ്പിക്കണം. കാട്ടുതീ വ്യാപകമാവുകയാണ്. ഇത് ആസൂത്രിതമാണ്. അക്കാര്യം അന്വേഷിക്കണം. വനപാലകര്‍ പ്രദേശവാസികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. ഉറപ്പുള്ള സംരക്ഷണവേലി കെട്ടി കൃഷിയിടങ്ങളും ജനവാസമേഖലയും സുരക്ഷിതമാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വന്യജീവിശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ കര്‍ഷക സംഘടന പ്രതിനിധികളായ മാനുവല്‍ തോമസ്, ജോയി കണ്ണംചിറ, പ്രഫ. ചാക്കോ കാളാംപറമ്പില്‍, അഡ്വ. വി.ടി. പ്രദീപ് കുമാര്‍, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ എന്നിവരടങ്ങുന്ന കമ്മിറ്റി തെരഞ്ഞെടുത്തു. അടുത്തമാസം യോഗം ചേര്‍ന്ന് സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ രൂപരേഖ തയാറാക്കും. സംസ്ഥാനത്തെ 16ല്‍ പരം കര്‍ഷക സംഘടനകളെ പ്രതിനിധാനം ചെയ്ത് 60 പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.