പെരുമ്പാവൂര്‍: ഐ.പി.എല്‍ താരലേലത്തില്‍ 85 ലക്ഷം രൂപക്ക് ഗുജറാത്ത് ലയണ്‍സ് ടീം സ്വന്തമാക്കിയ ബേസില്‍ തമ്പിയുടെ വീട്ടില്‍ ആഹ്ളാദം അലതല്ലി. വിവരം അറിഞ്ഞ് ആഹ്ളദത്തില്‍ പങ്കുചേരാന്‍ പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ബേസിലിന്‍െറ മുല്ലമംഗലം വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും എത്തി. ചെറുപ്പം മുതല്‍ ക്രിക്കറ്റ് ബേസിലിന്‍െറ ഹരമായിരുന്നുവെന്ന് പിതാവ് തമ്പി പറഞ്ഞു. പെരുമ്പാവൂര്‍ ആശ്രമം ഹൈസ്കൂളിലാണ് പത്തുവരെ പഠിച്ചത്. ഈ സ്കൂള്‍ ഗ്രൗണ്ടിലാണ് പന്ത് എറിഞ്ഞുതുടങ്ങിയത്. ബേസിലിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞത് അയല്‍വാസിയും പെരുമ്പാവൂര്‍ ക്രിക്കറ്റ് ക്ളബ് അംഗവുമായ വിശ്വജിത് രാധാകൃഷ്ണനായിരുന്നു. സ്കൂള്‍ ജീവിതത്തിനു ശേഷം കുറുപ്പംപടി എം.ജി.എം ഹയര്‍ സെക്കഡറി സ്കൂളില്‍ പ്ളസ് വണിന് ചേര്‍ന്നു. ഇവിടെയും ക്രിക്കറ്റ് പരിശീലനം തുടര്‍ന്ന ബേസിലിന്‍െറ ക്രിക്കറ്റ് ജീവിതത്തിന്‍െറ വഴിത്തിരിവായത് കളമശ്ശേരി സെന്‍റ് പോള്‍സ് കോളജിലെ പഠനകാലമായിരുന്നു. 140 കിലോമീറ്റര്‍ കൂടുതല്‍ വേഗത്തില്‍ പന്തെറിയുന്ന ബൗളറാണ് ബേസില്‍ തമ്പി. ഇപ്പോള്‍ ബേസില്‍ പുണെയിലാണ്. ഇവിടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലനത്തിലാണ് ഈ 23കാരന്‍. നിലവില്‍ എം.ആര്‍.എഫിനു വേണ്ടിയാണ് കളിക്കുന്നത്. വേഗത്തിനൊപ്പം ലൈനും ലങ്ത്തും പാലിച്ച് പന്തെറിയുന്ന താരംകൂടിയാണ് ബേസില്‍. ഇതാണ് ബേസിലിനെ ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമാക്കുന്നത്. മുന്‍ ആസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ളെന്‍ മാഗ്രാത്തിന്‍െറ പരിശീലനം ബേസിലിന് ലഭിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്ക് ബേസില്‍ തെരഞ്ഞെടുക്കപ്പെടാന്‍ പ്രാര്‍ഥിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. രണ്ടാഴ്ച മുമ്പ് വീട്ടില്‍ വന്നുപോയ ബേസില്‍ തിങ്കളാഴ്ച പിതാവ് തമ്പി, മാതാവ് ലിസി, സഹോദരി സിനു എന്നിവരെ വിളിച്ച് സന്തോഷം പങ്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.