കലക്ടറുടെ ഉത്തരവിന്‍െറ മറവില്‍ കീഴ്മാട് അനധികൃത ജലമൂറ്റ് വ്യാപകം

ആലുവ: കലക്ടറുടെ ഉത്തരവിന്‍െറ മറവില്‍ കീഴ്മാട് പഞ്ചായത്തില്‍ അനധികൃത ജലമൂറ്റ് വ്യാപകമായതായി ആക്ഷേപം. അഞ്ചാം വാര്‍ഡില്‍ പുഴയുടെ തീരങ്ങളിലാണ് കൂടുതല്‍ ജലമൂറ്റ് നടക്കുന്നത്. പുഴയോരങ്ങള്‍ കൈയേറി സ്വകാര്യവ്യക്തികളാണ് ജലമൂറ്റ് കേന്ദ്രങ്ങള്‍ നടത്തുന്നത്. കൈയേറിയ സ്ഥലങ്ങളില്‍ കിണറുകള്‍ സ്ഥാപിച്ചും പുഴയില്‍നിന്ന് നേരിട്ടും വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് ജലമൂറ്റുന്നത്. രാപകല്‍ ഭേദമന്യേ വലിയ ടാങ്കര്‍ ലോറികളിലടക്കം വെള്ളം കൊണ്ടുപോകുന്നുണ്ട്. 35,000 ലിറ്റര്‍ കൊള്ളുന്ന നിരവധി ലോറികള്‍ ഇവിടെനിന്ന് വെള്ളം ശേഖരിക്കുന്നുണ്ട്. ഇതുമൂലം ഈ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം വറ്റിയ അവസ്ഥയാണ്. ആലുവയിലെ ജലശുചീകരണശാലയില്‍ ഒരേസമയം മൂന്ന് ടാങ്കര്‍ ലോറികള്‍ക്കുവരെ വെള്ളമെടുക്കാന്‍ സൗകര്യമുണ്ട്. എന്നിട്ടും, സ്വകാര്യവ്യക്തികള്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാനായാണ് ഇത്തരം കേന്ദ്രങ്ങള്‍ നടത്താന്‍ അധികൃതര്‍ ഒത്താശ ചെയ്യുന്നതെന്ന് ആരോപിക്കപ്പെടുന്നു. ഇത്തരം കേന്ദ്രങ്ങളില്‍നിന്നുള്ള ജലത്തിന്‍െറ ശുദ്ധത ഉറപ്പുവരുത്തപ്പെടുന്നില്ല. പെരിയാറില്‍നിന്ന് മാലിന്യംകലര്‍ന്ന വെള്ളംവരെ ഇതുവഴി കയറിപ്പോകുന്നുണ്ട്. ജലശുചീകരണ ശാലയില്‍നിന്ന് മാത്രം ജലം വിതരണംചെയ്യുകയാണെങ്കില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാറിന് കൂടുതല്‍ ലാഭമുണ്ടാക്കാനും സാധിക്കും. കൂറ്റന്‍ ടാങ്കര്‍ ലോറികള്‍ നിരന്തരം ഓടുന്നതിനാല്‍ ആലുവ പെരുമ്പാവൂര്‍ റോഡില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. അനധികൃത ജലമൂറ്റല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഈസ്റ്റ് കുട്ടമശ്ശേരി റസിഡന്‍റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.