കൊച്ചി: ഓണ്‍ലൈന്‍ ടാക്സി സര്‍വിസുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ പേരില്‍ 2015-17 കാലഘട്ടത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. 20 കേസില്‍ കുറ്റം ചുമത്തുകയും നാലെണ്ണത്തില്‍ പിഴയടപ്പിക്കുകയും ഒരു കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 14 കേസുകളില്‍ അന്വേഷണം തുടരുകയാണെന്നും വിഷയത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി. ഓണ്‍ലൈന്‍ ടാക്സികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഇടക്കാല ഉത്തരവ് പാലിച്ചില്ളെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയും ഉബര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുമായ നവാസ് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് വിശദീകരണം. ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനും ഇവിടെ നിന്ന് യാത്രക്കാരെ കയറ്റാനും അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് പൊലീസിനോട് പ്രശ്നത്തില്‍ ഇടപെടാന്‍ ഹൈക്കോടതി 2016 മാര്‍ച്ചില്‍ ഇടക്കാല ഉത്തരവ് നല്‍കിയത്. എന്നാല്‍, ഉത്തരവ് പാലിക്കപ്പെടുന്നില്ളെന്നും ബസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ ടാക്സികളെ തടയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.