പെരുമ്പാവൂര്‍: വേനല്‍ച്ചൂട് കഠിനമായതോടെ റബര്‍ തോട്ടങ്ങളിലും ചെറുകാടുകളിലും തീപിടിത്തം വ്യാപകമാകുന്നു. ജനുവരി ആരംഭം മുതല്‍ 65 തീപിടിത്തങ്ങളാണ് പെരുമ്പാവൂര്‍ മേഖലയില്‍ ഉണ്ടായതെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ വെങ്ങോല സൗഭാഗ്യനഗറിലും ഉച്ചക്ക് എം.സി റോഡിലെ പുത്തന്‍ പാലത്തിലും ചെറുകാടുള്‍ക്ക് തീപിടിച്ചു. രണ്ടിടത്തും അഗ്നിശമന സേനയാണ് തീയണച്ചത്. അടിക്കടിയുണ്ടാകുന്ന തീപിടിത്തം അഗ്നിശമന വിഭാഗത്തെ വലക്കുകയും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുകയുമാണ്. ജില്ലയിലെ 18 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ ദിവസത്തില്‍ രണ്ട് തീപിടിത്തങ്ങള്‍ വീതം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. പെരുമ്പാവൂര്‍ പ്രദേശത്ത് റബര്‍ തോട്ടങ്ങള്‍ അധികമുള്ള പോഞ്ഞാശേരി, ചെമ്പറക്കി, വെങ്ങോല, കുമ്മനോട്, ചേലക്കുളം, കോടനാട്, കൂവപ്പടി തുടങ്ങിയ സ്ഥലങ്ങളിലാണ് തീപിടിത്തങ്ങളില്‍ അധികവും ഉണ്ടായത്. വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുന്നതോടെ റബര്‍ തോട്ടങ്ങളിലും വനമേഖലയിലും തീപിടിത്തം ഏറുമെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. റബര്‍ തോട്ടങ്ങളിലും സമീപ പ്രദേശങ്ങളിലും കുമിഞ്ഞുകൂടുന്ന കരിയിലക്ക് തീപിടിച്ചാണ് പല സ്ഥലങ്ങളിലും അപകടമുണ്ടായത്. കരിയിലക്കുള്ളില്‍ കിടക്കുന്ന കുപ്പിച്ചില്ലുകള്‍ക്ക് ചൂടുപിടിക്കുന്നത് തീപിടിത്തത്തിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ മാലിന്യം കത്തിക്കുന്നതും കാരണമാകുന്നു. ചെറു കാടുകളിലും കൂട്ടിയിടുന്ന കരിയിലയിലേക്കും അലസമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും ഒരു പരിധിവരെ തീപിടിത്തമുണ്ടാക്കുന്നു. കൊഴിയുന്ന ഇലകള്‍ കുമിഞ്ഞുകൂടുന്നതിനുമുമ്പ് കത്തിക്കാന്‍ ഉടമകള്‍ തയാറായാല്‍ റബര്‍ തോട്ടങ്ങളിലെ തീപിടിത്തം ഒഴിവാക്കാന്‍ കഴിയുമെന്നാണ് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, തോട്ടമുടമകളിലധികവും വിദേശത്തും പുറംനാടുകളിലുമായിരിക്കും. മറ്റ് ചിലതാകട്ടെ റിയല്‍ എസേ്റ്ററ്റുകാരുടെ അതീനതയിലും. ഇത്തരം തോട്ടങ്ങളിലുണ്ടാകുന്ന തീപിടിത്തം വിളിച്ചറിയിക്കാനോ കെടുത്താന്‍ ശ്രമിക്കാനോ ആരും തയാറാകാറില്ല. തീപടര്‍ന്ന് വ്യാപിച്ചശേഷമാണ് പലയിടത്തുനിന്നും വിളികള്‍ വാരാറെന്ന് പെരുമ്പാവൂര്‍ അഗ്നിശമന സേന മേലധികാരി എന്‍.എച്ച്. അസൈനാര്‍ പറയുന്നു. വരള്‍ച്ച സമയത്തെ തീപിടിത്തം അഗ്നിശമന സേനക്ക് വെല്ലുവിളിയാണ്. കുടിവെള്ളം പോലും കിട്ടാനില്ലാത്ത സാഹചര്യത്തില്‍ തീയണക്കാന്‍ വെള്ളം ദിനംപ്രതി ശേഖരിക്കണമെന്നത് ബുദ്ധിമുട്ടാകുന്നു. തീപിടിത്തം ഉണ്ടാകാതെ സൂക്ഷിക്കാനും ഉണ്ടായാല്‍ ഉടന്‍ നിയന്ത്രണവിധേയമാക്കാനും ശ്രമിക്കണമെന്നാണ് അഗ്നിശമന സേന നല്‍കുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.